ന്യൂഡൽഹി: സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. സ്വവര്‍ഗാനുരാഗികളെ മൂന്നാം ലിംഗക്കാരായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ശാരീരികമായി പ്രത്യേകതയുള്ളവരെ മാത്രമേ മൂന്നാം ലിംഗക്കാരായി പരിഗണിക്കാനാവുകയുള്ളുവെന്നും കോടതി വ്യക്​തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജന്മനാ ശാരീരിക പ്രത്യേകതയുള്ളവരെയാണ് മൂന്നാം ലിംഗക്കാരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവുക. സ്വവര്‍ഗാനുരാഗികള്‍ക്ക് മൂന്നാം ലിംഗക്കാര്‍ക്ക് നല്‍കേണ്ട പിന്നോക്ക പരിരക്ഷ നല്‍കേണ്ടതുണ്ടോ എന്ന് സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കത്തിലാണ് സുപ്രീം കോടതി നിരീക്ഷണം.ഇവര്‍ സംവരണത്തിന് അര്‍ഹരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുന്‍വിധി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്.


സ്വവര്‍ഗാനുരാഗികളെ ഭിന്നലിംഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന കേന്ദ്രത്തിന്‍റെ അപേക്ഷയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തര്‍ക്കത്തിനിടയില്‍ മൂന്നാംലിംഗക്കാര്‍ക്ക് നല്‍കേണ്ട പരിരക്ഷ വൈകിപ്പിക്കുന്നതിന് കേന്ദ്രത്തെ സുപ്രീംകോടതി ശാസിക്കുകയും ചെയ്തു.


സ്വവര്‍ഗ്ഗാനുരാഗികള്‍ മൂന്നാം ലിംഗക്കാരുടെ ഗണത്തില്‍ വരില്ലെന്ന് നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ചില സംഘടനകളും സ്വവര്‍ഗ്ഗാനുരാഗികളുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. മൂന്നാം ലിംഗക്കാരെ പോലെതന്നെ ശാരീരകമായ പോരായ്മകളാണ് തങ്ങളുടേതും എന്നായിരുന്നു സ്വവര്‍ഗ്ഗാനുരാഗികളുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.ലെസ്ബിയന്‍, ഗേ, തുടങ്ങി സ്വവര്‍ഗാനുരാഗികളേയും ഉഭയലൈംഗികതയുള്ളവരേയും മൂന്നാംലിംഗക്കാരായി കാണാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. 2014ലെ ട്രാന്‍സ്‌ജെന്‍ഡര്‍ ഉത്തരവില്‍ മാറ്റമോ ഭേദഗതിയോ വരുത്തുന്നത് സുപ്രീംകോടതി നിരസിച്ചു.