സേനയ്ക്കെതിരെ വിവാദ പ്രസ്താവന: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: സേനയ്ക്കെതിരെ രാജ്യദ്രോഹപരമായ പ്രസ്താവനകള്‍ നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഡല്‍ഹി കോടതിയില്‍ പരാതി. മുതിര്‍ന്ന അഡ്വക്കേറ്റ് ശശി ഭൂഷന്‍ പരാതി ഫയലില്‍ സ്വീകരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, സൈഫുദ്ദീൻ സോസ് എന്നിവർക്കെതിരേയാണ് സേനയ്ക്കെതിരെ അപമാനകരമായ പ്രസ്താവനകള്‍ നടത്തിയതിന് കേസെടുത്തിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമ൦ 124, 120ബി, 505 (1) എന്നീ വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ഇന്ത്യൻ ആർമി / നാവിക / ഐ.എഫ് ഉദ്യോഗസ്ഥരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചതോടെ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്ന ജമ്മു-കശ്മീരില്‍
ഓപ്പറേഷന്‍ ഓള്‍ ഔട്ടിന്‍റെ പേരില്‍ നടക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ഭീകരവിരുദ്ധ നീക്കങ്ങളില്‍ തീവ്രവാദികളെക്കാള്‍ ഏറെ സാധാരണ ജനങ്ങളാണ് കൊല്ലപ്പെടുന്നതെന്ന് ഗുലാം നബി ആസാദ് പ്രസ്താവിച്ചിരുന്നു. അതുകൂടാതെ ഏറ്റവും കൂടുതല്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടത് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ആയിരുന്നു എന്നും പറഞ്ഞിരുന്നു.
കശ്മീരില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ അവര്‍ സ്വതന്ത്രരായിരിക്കാന്‍ ആവും ആഗ്രഹിക്കുക എന്ന് കശ്മീരിയും കോണ്‍ഗ്രസ് നേതാവുമായ സൈഫുദീന്‍ സോസ് അഭിപ്രായപ്പെട്ടിരുന്നു. ഇതേ അഭിപ്രായം മുന്‍പ് പർവേസ് മുഷാറഫും പറഞ്ഞിരുന്നു.
ഇന്ത്യന്‍ സൈന്യത്തെ നിരപരാധികളെ വധിക്കുന്ന ഒന്നായി ചിത്രീകരിച്ചത്, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് തുല്യമാണെന്നും പരാതിക്കാരന്‍ തന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി മജിസ്ട്രേറ്റ് കോടതിയില്‍ കേസിന്‍റെ വാദം ശനിയാഴ്ച നടക്കും.