Global Hunger Index 2020: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ ഇന്ത്യക്ക് മുന്നില്‍
ഇന്ത്യയില്‍ പട്ടിണി അതിഭീകരമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.
New Delhi: ഇന്ത്യയില്‍ പട്ടിണി അതിഭീകരമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള പട്ടിണി സൂചികയില്‍, (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്സ് 2020 - Global Hunger Index 2020) ഇന്ത്യ 94-ാം സ്ഥാനത്താണ്. ഗാണ്ട, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഹെയ്ത്തി, യമന്‍, ലൈബീരിയ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പിന്നിലുള്ളത്.
മറ്റൊരു പ്രധാന വസ്തുത, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇന്ത്യക്ക് മുന്നിലാണ് എന്നതാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെയും ബ്രിക്സ് രാജ്യങ്ങളുടെയും കൂട്ടത്തിലും ഇന്ത്യ ഏറ്റവും പിന്നിലാണ്.
107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ. പട്ടികയില്‍ പാക്കിസ്ഥാന്‍ 88, ബംഗ്ലാദേശ് 75, നേപ്പാള്‍ 73 എന്നീ സ്ഥാനങ്ങളിലാണ് ഉള്ളത്. അതേസമയം, 2019ലെ പട്ടികയെ അപേക്ഷിച്ച് ഇന്ത്യ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ 102 ആയിരുന്നു ഇന്ത്യയുടെ റാങ്ക്.
രാജ്യത്തിലെ വലിയ വിഭാഗം ആളുകള്‍ക്ക് അവര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളര്‍ച്ചയില്ലായ്‍മ, കുട്ടികളുടെ മരണനിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് ആഗോള വിശപ്പ് സൂചിക തയാറാക്കുന്നത്.
ഐക്യരാഷ്ട്ര സഭയും (United Nations Organisation) മറ്റ് രാജ്യാന്തര സന്നദ്ധസംഘടനകളായ കണ്‍സേണ്‍ വേള്‍ഡ്വൈഡ്, വെല്‍ത് ഹംഗര്‍ ലൈഫ് എന്നിവയും സംയുക്തമായി പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സ്ഥിതി വിശദീകരിക്കുന്നത്.
2000ന് ശേഷം ലോകത്താകമാനം പട്ടിണി കുറഞ്ഞുവരുന്നതായാണ് കാണുന്നതെങ്കിലും പലയിടങ്ങളിലും വളര്‍ച്ചാ നിരക്ക് പതുക്കെയും പട്ടിണി തീവ്രവുമാകുകയാണെന്ന് 80 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള പട്ടിണി സൂചിക അനുസരിച്ച് ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണി അനുഭവിക്കുന്നത് ഇന്ത്യയിലെ കുട്ടികളാണ്...!!
കുട്ടികളിലെ പോഷകാഹാരക്കുറവില്‍ 2015-19 കാലഘട്ടത്തില്‍ സ്ഥിതി കൂടുതല്‍ വഷളായി, കുട്ടികളുടെ പട്ടിണിയുടെ വ്യാപനം 2010-14ല്‍ 15.1% ആയിരുന്നത് വീണ്ടും ഉയര്‍ന്ന് 17.3% ആയി.
യൂറോപ്പിലെയും അമേരിക്കയിലെയും സമ്പന്ന രാജ്യങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.