Goa Chief Minister : ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജിക്കത്ത് നൽകി
പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചുവെന്നും തിങ്കളാഴ്ച സഭ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.
Panaji : ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പനാജിയിലെ രാജ്ഭവനിലെത്തി ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് രാജിക്കത്ത് നൽകി. ഇതോടെ പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങി. പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചുവെന്നും തിങ്കളാഴ്ച സഭ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതി തീരുമാനിക്കാൻ കേന്ദ്ര നിരീക്ഷകൻ ഉടൻ ഗോവയിലെത്തും. സാവന്ത് ഇപ്പോൾ ഗോവയുടെ ഇടക്കാല മുഖ്യമന്ത്രിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാകും വരെ സാവന്ത് കാവൽ മുഖ്യമന്ത്രിയായി തുടരും.
"ഗോവയിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ, ബിജെപി വീണ്ടും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുക" യാണെന്ന് പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. ഗോവയിൽ ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറഞ്ഞ ബിജെപി, മഹാരാഷ്ട്രവാദി ഗോമന്തകിന്റെയും സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും സഹായത്തോടെ സംസ്ഥാനത്ത് മന്ത്രിസഭാ രൂപികരണത്തിന് ഒരുങ്ങുകയാണ്.
40 അംഗ സംസ്ഥാന അസംബ്ലിയിൽ 20 സീറ്റുകൾ നേടി ബിജെപി ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി, കോൺഗ്രസ് 11 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്താണ്. സ്വതന്ത്ര സ്ഥാനാർത്ഥികൾ മൂന്ന് സീറ്റുകൾ നേടിയപ്പോൾ ആം ആദ്മി പാർട്ടി , മഹാരാഷ്ട്രവാദി ഗോമന്തക് എന്നിവർക്ക് രണ്ട് സീറ്റുകൾ വീതം ലഭിച്ചു. റവല്യൂഷണറി ഗോവൻസ് പാർട്ടിക്കും ഗോവ ഫോർവേഡ് പാർട്ടിക്കും ഓരോ സീറ്റ് വീതം ലഭിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം ബിജെപിക്ക് 33.31 ശതമാനം വോട്ട് ലഭിച്ചു, തൊട്ടുപിന്നിലുള്ള കോൺഗ്രസിന് 23.46 ശതമാനമാണ് വോട്ട്. എംജിപി 7.60 ശതമാനം, എഎപി 6.77, തൃണമൂൽ കോൺഗ്രസ് 5.21 ശതമാനം എന്നിങ്ങനെയാണ് വോട്ട് വിഹിതം.
മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെയും മൂന്ന് സ്വതന്ത്ര എംഎൽഎമാരായ അന്റോണിയോ വാസ്, ചന്ദ്രകാന്ത് ഷെട്ടി, അലക്‌സ് റെജിനാൾഡ് എന്നിവരുടെ പിന്തുണയോടെ പൂർണ ഭൂരിപക്ഷമുള്ള സർക്കാർ രൂപീകരിക്കുമെന്ന് ബിജെപിയുടെ ഗോവ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി പ്രതിസന്ധി ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക