അഹമ്മദാബാദ്: ഗോദ്ര തീവെയ്പ്പ് കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം. ഫാറൂഖ് ഭാന, ഇമ്രാന്‍ ഷെറു എന്നിവര്‍ക്കാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹുസൈന്‍ സുലൈമാന്‍ മൊഹന്‍, കസം ഭമേദി, ഫറൂഖ് ദാന്തിയ എന്നിവരെ കോടതി വെറുതെ വിട്ടു. ജസ്റ്റിസ് എച്ച്. സി വോറയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റം ചെയ്തുവെന്നത് പ്രൊസിക്യൂഷന്‍ തെളിയിച്ചതായി കോടതി പറഞ്ഞു.


2002 ഫെബ്രുവരിയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്കാണ് തീവെച്ചത്. സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ നിന്നും മടങ്ങി വരികയായിരുന്ന 59 ഹിന്ദു സന്യാസിമാര്‍ കൊല്ലപ്പെട്ടിരുന്നു.


കേസില്‍ കോടതി നേരത്തെ 31 പേരെ ശിക്ഷിക്കുകയും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 63 പേരെ വിട്ടയക്കുകയും ചെയ്തിരുന്നു. 


പ്രധാന ആരോപണം ഉയര്‍ന്ന മൗലാനാ ഉമര്‍ജിയും വിട്ടയച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. 31 പേരില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവുമാണ് വിധിച്ചിരുന്നത്. 


2017 ഒക്ടോബറില്‍ 11 പേര്‍ക്കുള്ള വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തിരുന്നു.


അതേസമയം കേസില്‍ ഇനിയും 8 പേര്‍ കൂടി പിടിയിലാകാനുണ്ട്.