തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി.ഇന്ന് ഉച്ചയോടെ 50 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം ഒരു ഗ്രാമിന് 5100 രൂപയും പവന് 40,800 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 5150 രൂപയും പവന് 41,200 രൂപയുമായിരുന്നു സ്വര്‍ണവില.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ സ്വര്‍ണ വില നാനൂറ് രൂപ കുറഞ്ഞിരുന്നു. രണ്ടുദിവസം കൊണ്ട് കുറഞ്ഞത് 850 രൂപയാണ്. വെള്ളിയാഴ്ച ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 42,000 രൂപയായിരുന്നു. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 2081.60 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അത് 1,985 ഡോളറായി താഴ്ന്നിരിക്കുകയാണ്.


ഡോളര്‍ മൂല്യം ഉയര്‍ന്നതും ഉയര്‍ന്ന വിലയില്‍ ലാഭമുണ്ടാക്കുന്നതുമാണ് വില കുറയാന്‍ കാരണം. ഡോളര്‍ സൂചിക രണ്ട് വര്‍ഷത്തെ താഴ്ന്ന വില നിലവാരത്തില്‍ നിന്നും 0.1% ഉയര്‍ന്നിരിക്കുകയാണ്. ഡോളറിന് കരുത്ത് കൂടിയാല്‍ സ്വര്‍ണ വില ഇനിയും കുറഞ്ഞേക്കാം.


ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന് വില. 3625 രൂപയായിരുന്നു ജനുവരി ഒന്നിന് ഗ്രാമിന്റെ വില. ജൂലൈ 21 മുതലാണ്‌ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിപ്പാരംഭിച്ചത്.