ന്യൂഡൽഹി: രാജ്യത്തെ എ.ടി.എമ്മുകളിൽ പുതിയ നോട്ടുകൾ ലഭിക്കുന്ന തരത്തിൽ പുന:ക്രമീകരിക്കുന്ന നടപടി നാളെ മുതൽ ആരംഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ഇതിനായി എ.ടി.എമ്മുകള്‍ പുനക്രമീകരിക്കാന്‍ ദൗത്യസംഘത്തെ നിയോഗിക്കും. റിസർവ് ബാങ്കിന്‍റെ ഡപ്യൂട്ടി ഗവർണറാകും ഈ സംഘത്തിന്‍റെ തലവൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞദിവസം രാത്രി വൈകി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗവും രാവിലെ ധനകാ‍ര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അവലോകന യോഗത്തിനും ശേഷമാണ് ശക്തികാന്ത് ദാസ് മാധ്യമങ്ങളെ കണ്ടത്.അസാധുവാക്കിയ നോട്ടുകള്‍ നവംബര്‍ 24 വരെ അവശ്യസേവനങ്ങള്‍ക്കായി ഉപയോഗിക്കാം. ആശുപത്രികൾ, പമ്പുകൾ, കെഎസ് ആർ ടിസി, വിമാനതാവളങ്ങൾ റെയിൽവെ , ശ്മശാനങ്ങൾ എന്നിവിടങ്ങളിൽ പഴയ നോട്ട് സ്വീകരിക്കും. 


പുതിയ രണ്ടായിരം നോട്ടുകള്‍ വയ്ക്കാന്‍ എ‌ടി‌എം പുനക്രമീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം പുതിയ 500 രൂപ നോട്ടുകളും വയ്ക്കണം. ഇതിനായാണ് ദൌത്യസംഘത്തെ നിയോഗിച്ചത്. രാജ്യവ്യാപകമായി എടി‌എമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ ഉടന്‍ വയ്ക്കും. ഇങ്ങനെ പുനക്രമീകരിച്ച എടി‌എമ്മുകളില്‍ നിന്നും മാത്രമായിരിക്കും 2500 രൂപ എടുക്കാനാവുകയെന്നും ശക്തികാന്ത് ദാസ് അറിയിച്ചു.


പണത്തിന് പകരമായി ഇ-ട്രാന്‍സാക്ഷന്‍ സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതാണ് നോട്ട് പ്രതിസന്ധി പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് പറഞ്ഞ ശക്തികാന്ത് ദാസ്, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാര്യങ്ങളില്‍ മാത്രം പണം കൈമാറുന്നത് നടത്തണം. ഇത് പണപരമായ ആവശ്യത്തിനുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.


പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ അധികസമയം ജോലി ചെയ്യുന്നുണ്ട്. കോര്‍പറേറ്റുകള്‍ക്ക് ഒരാഴ്ച അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50,000 ആയി ഉയര്‍ത്തി. 1.3 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി പണം മാറിനല്‍കുന്നുണ്ട്.