Gujarat Assembly Election 2022 : ഇസുദാൻ ഗാഢ്വി എഎപിയുടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാർഥി; പ്രഖ്യാപനവുമായി അരവിന്ദ് കേജ്രിവാൾ
Gujarat AAP CM Candidate മാധ്യമപ്രവർത്തകനായിരുന്ന ഇസുദാൻ ഗാഢ്വി 2021ലാണ് ആം ആദ്മി പാർട്ടിയിൽ ചേരുന്നത്
അഹമ്മദബാദ് : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇസുദാൻ ഗാഢ്വിയുടെ പേര് പ്രഖ്യാപിച്ച് അരവിന്ദ് കേജ്രിവാൾ. കഴിഞ്ഞ ആഴ്ചയിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പുടുത്തണെമെന്ന് അരവിന്ദ് കേജ്രിവാൾ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി എസ്എംഎസ്, വാട്സ്ആപ്പ്, വോയിസ് മെയിൽ, ഇ-മെയിൽ തുടങ്ങിയ സേവനങ്ങൾ എഎപി സജ്ജമാക്കിയിരുന്നു. വോട്ട് രേഖപ്പെടുത്തിയതിൽ 73 ശതമാനം പേരും ഗാഢ്വിയുടെ പേരാണ് നിർദേശിച്ചിരിക്കുന്നതെന്ന് അരവിന്ദ് കേജ്രിവാൾ അഹമ്മദബാദിൽ വെച്ച് നടന്ന ചടങ്ങിൽ പറഞ്ഞു.
മാധ്യമപ്രവർത്തകനായ ഇസുദാൻ ഗാഢ്വി ഗുജറാത്തിലെ ദ്വാരക സ്വദേശിയാണ്. ദുരദർശനിൽ മാധ്യമ പ്രവർത്തനം ആരംഭിച്ച എഎപി നേതാവ് പിന്നീട് പ്രമുഖ ടെലിവിഷൻ അവതാരകനും കൂടിയായി മാറുകയായിരുന്നു. വിടിവി ന്യൂസിൽ പ്രമുഖ പരിപാടിയായിരുന്ന മഹാമദൻ എന്ന ഷോയുടെ അവതാരകനായിരുന്നു ഗാഢ്വി. 2021 ജൂണിലാണ് ഗാഢ്വി ആം ആദ്മി പാർട്ടിയിൽ ചേരുന്നത്.
കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാർട്ടി ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള 9-ാമത്തെ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടത്. ഏകദേശം 118 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് ഇതുവരെ എഎപി പുറത്ത് വിട്ടിരിക്കുന്നത്. 182 നിയമസഭ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ്
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുകയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. വെട്ടെണ്ണൽ ഹിമാചൽ പ്രദേശിനോടൊപ്പം ഡിസംബർ എട്ടിന് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ അറിയിച്ചു. നിലവിലെ ഗുജറാത്ത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും.
2017ലാണ് ഏറ്റവും അവസാനമായി ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. 2017 തിരഞ്ഞെടുപ്പിൽ 99 സീറ്റകൾ സ്വന്തമാക്കിയ ബിജെപി തുടർച്ചയായി അഞ്ചാം തവണ ഗുജറാത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് 77 സീറ്റുകളാണ് സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...