മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. അതുകൂടാതെ  എന്‍സിപി ഇക്കുറി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാവും മത്സരിക്കുകയെന്നും ശരത് പവാര്‍ പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും സ്വന്തം തട്ടകമായ ഗുജറാത്തില്‍ ഇത്തവണ ഉഗ്രന്‍ പോരാട്ടം പ്രതീക്ഷിക്കാം. 


''മോദി ജനങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ നല്‍കുകയാണ്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയൊന്നും നടപ്പുള്ള കാര്യമല്ല. നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം കാലങ്ങളായി ബിജെപിക്കൊപ്പം നിന്ന വ്യാപാരി സമൂഹം അവരില്‍ നിന്ന് അകന്നു കഴിഞ്ഞു. അവരുടെ പ്രതിഷേധം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. ഗുജറാത്തിലെ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണ് - ശരത് പവാര്‍ പറഞ്ഞു. 


മഹാരാഷ്ട്രയിലെ വിഭര്‍ഭയില്‍ കഴിഞ്ഞ നാല് ദിവസമായി നടത്തുന്ന സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഇപ്രകാരം അഭിപ്രായപ്പെട്ടത്. പവാറിന്‍റെ സന്ദര്‍ശനത്തിന്‍റെ മുഖ്യലക്ഷ്യം ഈ മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക എന്നതാണ്. 


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനോട് അകന്നു നിന്നിരുന്ന എന്‍.സി.പി കഴിഞ്ഞ കുറച്ചു കാലമായി കോണ്‍ഗ്രസിനോട് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 


അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ നടത്തുന്ന പ്രചരണ പരിപാടികളെ പ്രശംസിച്ച് ശരത് പവാര്‍ മുന്‍പ് സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷികളെ ഒരുമിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്‌.