ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍സിപി. സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായി ധാരണയിലെത്താത്തതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെയുള്ള 182 നിയമസഭാ മണ്ഡലങ്ങളിലും എന്‍സിപിക്ക് സ്ഥാനാര്‍ഥികളുണ്ടാവുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലേതുപോലെ സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്നും തനിച്ച്  മത്സരിച്ച് കഴിവ് തെളിയിക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പാര്‍ട്ടി വക്താവ് യൂസഫ് പാര്‍മര്‍ പറഞ്ഞു.


കോണ്‍ഗ്രസുമായി സഖ്യം ചേരാനായിരുന്നു പാര്‍ട്ടി ആദ്യം തീരുമാനിച്ചതെങ്കിലും കോണ്‍ഗ്രസിന്‍റെ അവഗണന നിറഞ്ഞ സമീപനം പാര്‍ട്ടി നേതൃത്വത്തെ തിരുത്തി ചിന്തിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു. 


77 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് എന്‍സിപിയുടെ പ്രഖ്യാപനം.


ദിവസങ്ങള്‍ക്ക് മുന്‍പാണ്‌ ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പ്രസ്താവിച്ചത്. കൂടാതെ എന്‍സിപി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.  


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനോട് അകന്നു നിന്നിരുന്ന എന്‍.സി.പി കഴിഞ്ഞ കുറച്ചു കാലമായി കോണ്‍ഗ്രസിനോട് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 


അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ നടത്തുന്ന പ്രചരണ പരിപാടികളെ പ്രശംസിച്ച് ശരത് പവാര്‍ മുന്‍പ് സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷികളെ ഒരുമിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്‌.


എന്‍സിപിയുടെ ഈ തീരുമാനം ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് കൂടുതല്‍ നിര്‍ണ്ണായകമാക്കി മാറ്റിയിരിക്കുകയാണ്.