ന്യൂഡല്‍ഹി: കനത്ത മഴ മൂല൦ പൊറുതിമുട്ടുന്ന കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ഇന്ന് പാര്‍ലമെന്‍റിലാണ് അദ്ദേഹം ഇപ്രകാരം അറിയിച്ചത്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് അദ്ദേഹം ലോക്സഭയെ അറിയിച്ചു.


അതുകൂടാതെ, മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാമെന്നും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ധനസഹായ വിഷയത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കാലവര്‍ഷക്കെടുതികള്‍ സഭയില്‍ ഉന്നയിച്ചപ്പോഴാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.


അതേസമയം, കാലവര്‍ഷത്തിലുണ്ടായ നഷ്ടം വിലയിരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യാനും നിര്‍ദ്ദേശമുണ്ട്. കുട്ടനാട്ടില്‍ അടക്കം കൂടുതല്‍ ധനസഹായം നല്‍കാനാണ് മന്ത്രസഭായോഗം തീരുമാനിച്ചിരിക്കുന്നത്. കാലവര്‍ഷത്തില്‍ ഇതുവരെ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.