Chennai | ചൈന്നൈയിൽ മഴ ശക്തം; മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകി എംകെ സ്റ്റാലിൻ
നഗരത്തിൽ ശനിയാഴ്ച ഉച്ചയോടെ കനത്ത മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ മുതൽ ശക്തമായ മഴയാണ് പെയ്തത്
ചെന്നൈ: ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ (Heavy rain) പെയ്തു. ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിരിക്കുന്നത്. നഗരത്തിൽ ശനിയാഴ്ച ഉച്ചയോടെ കനത്ത മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ മുതൽ ശക്തമായ മഴയാണ് പെയ്തത്.
സ്കൈമെറ്റ് കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, കേരളത്തിന്റെയും ഒഡീഷയുടെയും ഒറ്റപ്പെട്ടയിടങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ ഉണ്ടായി. ഇടിമിന്നലോടുകൂടിയ മഴയാണ് പലയിടങ്ങളിലും ഉണ്ടായത്. കാഞ്ചീപുരം അടക്കമുള്ള വടക്കൻ തമിഴ്നാട്ടിൽ ശക്തമായ മഴയാണ് ലഭിച്ചത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കളക്ടർമാർക്ക് നിർദേശം നൽകി. ചെന്നൈയിലെ റീജിയണൽ മെറ്റീരിയോളജിക്കൽ സെന്ററിന്റെ (RMC) റിപ്പോർട്ട് അനുസരിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രത്തിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നുണ്ട്.
ഈ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ, 2021 നവംബർ ഒമ്പതിന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തൽഫലമായി, നവംബർ ഒമ്പതിനും 12 നും ഇടയിൽ തമിഴ്‌നാട് തീരത്തും ആന്ധ്രാപ്രദേശിലും ശക്തമായ കാറ്റും കനത്ത മഴയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...