പട്ന: കനത്ത മഴയിലും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിലും പെട്ട് ബിഹാറില്‍ 55 പേര്‍ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയില്‍ കൃഷിയടക്കം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ശക്തമായ ഇടിമിന്നല്‍ മൂലമാണ് അധികം പേരും മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധേപുര, കത്യാര്‍, സഹര്‍സ, മധുബനി, ദര്‍ബഗ, സമസ്തിപുര്‍, ഭഗല്‍പുര്‍ എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പുര്‍ണിയ ജില്ലയില്‍ 65-70 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കുടിലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചു.


മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മൺസൂണിന്റെ വരവോടെ ചൊവ്വാഴ്ച മുതൽ ബിഹാറിലെങ്ങും കനത്ത മഴയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലുമുണ്ടായി.