ഹരിയാണ സര്‍ക്കാരിനും നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന്‍റെ ശിക്ഷാവിധിയോടനുബന്ധിച്ച് പൊട്ടിപുറപ്പെട്ട കലാപത്തില്‍ ഹരിയാണ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി.
ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന്‍റെ ശിക്ഷാവിധിയോടനുബന്ധിച്ച് പൊട്ടിപുറപ്പെട്ട കലാപത്തില്‍ ഹരിയാണ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ബിജെപിയുടേതല്ലെന്നും കോടതി നിരീക്ഷിച്ചു. ഹരിയാണ ഇന്ത്യയുടെ ഭാഗമാല്ലെയെന്നും എന്തുകൊണ്ടാണ് പഞ്ചാബിനെയും ഹരിയാണയെയും രണ്ടാനമ്മയുടെ മക്കളോടെന്നപോലെ പെരുമാറുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
കഴിഞ്ഞ ദിവസം നടന്ന അതിക്രമങ്ങള്‍ സംസ്ഥാനത്തിന്‍റെ പരിഗണനയിലുള്ള വിഷയമാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സത്യപാല്‍ ജെയിനിന്‍റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.
ജെയിനിന്‍റെ വാദം കേട്ട് ക്ഷുഭിതനായ കോടതി ഹരിയാണ ഇന്ത്യയുടെ ഭാഗമല്ലേ എന്ന് ചോദിച്ചു. പഞ്ചാബിനോടും ഹരിയാണയോടും കേന്ദ്രസര്‍ക്കാര്‍ ചിറ്റമ്മ നയം തുടരുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.
സ്ഥിതിഗതികള്‍ നിങ്ങള്‍ സങ്കീര്‍ണ്ണമാക്കി, ഈ സന്ദര്‍ഭത്തിന് മുന്നില്‍ കീഴ്പെട്ടു നിന്നു. അടിയന്തരാവസ്ഥ പരിഗണിക്കാതെ ഒന്നരലക്ഷത്തോളം വരുന്ന റാം റഹീമിന്‍റെ അനുയായികള്‍ പഞ്ച്ഗുളയില്‍ തമ്പടിച്ചപ്പോള്‍ നിങ്ങള്‍ നോക്കുകുത്തികളായിരുന്നോ എന്നും കോടതി ആരാഞ്ഞു.
സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളുടെ പേരില്‍ ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനേയും കോടതി നേരത്തെ ശാസിച്ചിരുന്നു. അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പറഞ്ഞ കോടതി രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി അക്രമത്തിന് കൂട്ടുനിന്നെന്നും കുറ്റപ്പെടുത്തി. സംഭവത്തില്‍ പഞ്ച്കുളയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബലിയാടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനൊക്കെ നിര്‍ദ്ദേശം നല്‍കിയ ആള്‍ക്കാരെ എന്ത് ചെയ്യണമെന്നും കോടതി ചോദിച്ചു.
അതേസമയം, സംസ്ഥാനത്തിനും പൊതുസ്വത്തിനും വന്‍നാശനഷ്ടം വരുത്തിയ പ്രസ്തുത സംഭവങ്ങള്‍ക്ക് നഷ്ടപരിഹാരം ദേര സച്ച സൗദ സംഘടനയില്‍ നിന്ന് ഈടാക്കാനുള്ള നിര്‍ദേശവും കോടതി വിധിച്ചു.