ഹിജാബ് വിവാദം: പ്രവേശന വിലക്കിൽ പ്രതിഷേധിച്ച 58 വിദ്യാർഥികൾക്ക് സസ്പെൻഷൻ
ചട്ടങ്ങൾ ലംഘിച്ചതിന് കോളേജ് പ്രിൻസിപ്പൽ വിദ്യാർത്ഥികളെ വാക്കാൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഹിജാബ് നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കർണാടകയിൽ 58ഓളം കോളജ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. ശിവമോഗ ജില്ലയിലെ ഒരു കോളേജിലെ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. ചട്ടങ്ങൾ ലംഘിച്ചതിന് കോളേജ് പ്രിൻസിപ്പൽ വിദ്യാർത്ഥികളെ വാക്കാൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഡെപ്യൂട്ടി എസ്പിയും ഡിഡിപിഐയും എസ്ഡിഎംസിയും നിങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നിട്ടും നിങ്ങൾ അവരെ ശ്രദ്ധിച്ചില്ല. നിങ്ങൾ നിയമങ്ങൾ ലംഘിച്ചു. അതുകൊണ്ടാണ് നിങ്ങളെ കോളജിൽ നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുന്നത്. സസ്‌പെൻഡ് ചെയ്തിരിക്കുന്നതിനാൽ നിങ്ങൾക്ക് കോളജ് പരിസരത്ത് പ്രവേശിക്കാൻ കഴിയില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അതേസമയം, വിദ്യാർത്ഥികളെ ഒന്ന് പേടിപ്പിക്കുക മാത്രമായിരുന്നുവെന്നും ഔദ്യോഗികമായി സസ്പെൻഡ് ചെയ്തിട്ടില്ലെന്നും ശിവമോഗ ഡിസി ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ ക്ലാസിൽ ഹിജാബ് ധരിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് കർണാടകയിൽ കോളജ് അധ്യാപിക ജോലി രാജിവച്ചിരുന്നു. ഹിജാബ് നീക്കം ചെയ്ത ശേഷം മാത്രമേ ക്ലാസില്‍ പോകാന്‍ പാടുള്ളൂവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് അധ്യാപിക രാജിവച്ചത്. കര്‍ണാടകയിലെ തുമാകുരു ജില്ലയിലെ സ്വകാര്യ കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ചാന്ദ്നി നാസാണ് രാജിവച്ചത്.
കോളേജ് മാനേജ്മെന്റ് തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാലാണ് ജോലി ഉപേക്ഷിച്ചതെന്ന് അധ്യാപിക പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ കർണാടകയിൽ വിദ്യാർഥികൾ ക്ലാസുകളും പരീക്ഷകളും ബഹിഷ്കരിക്കുകയാണ്. എന്നാൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരില്‍ ഒരു അധ്യാപിക ജോലി രാജിവയ്ക്കുന്നത് ആദ്യത്തെ സംഭവമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...