സ്വവര്‍ഗാനുരാഗികളെ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു: സുപ്രീം കോടതി
377ാം വകുപ്പ് ഇല്ലാതായാല്‍ തെറ്റായ ധാരണകള്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും അത് മാറിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
ന്യൂഡല്‍ഹി: എല്‍ജിബിടി സമൂഹത്തെ കുറിച്ച് തെറ്റായ ധാരണകള്‍ ഉണ്ടെന്നും അത് മാറേണ്ടതാണെന്നും സുപ്രീം കോടതി. 377ാം വകുപ്പ് ഇല്ലാതായാല്‍ തെറ്റായ ധാരണകള്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും അത് മാറിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഐപിസി 377ാം വകുപ്പ് സമൂഹത്തിന് അപമാനമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഈ വകുപ്പ് റദ്ദാക്കുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവതം എളുപ്പമാക്കുന്നതിനൊപ്പം സമൂഹത്തിന് ഉണര്‍വ് നല്‍കുന്ന തീരുമാനമാകുമെന്നും ഭരണഘടന ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
158 വര്‍ഷം പഴക്കമുള്ള 377ാം വകുപ്പ് സ്വവര്‍ഗ സ്‌നേഹികള്‍ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റമാണെന്നാണ് കണക്കാക്കുന്നത്.
സ്വവര്‍ഗ പങ്കാളികളായ രണ്ടുപേര്‍ ഒരുമിച്ച് നടക്കുമ്പോള്‍ പൊലീസ് അവരെ അറസ്റ്റ് ചെയ്ത് 377ാം വകുപ്പ് ചുമത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
സ്വവര്‍ഗരതി നിയമവിധേയമാക്കനമെന്ന ഹര്ജികളെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിരുന്നില്ല. തീരുമാനം സുപ്രീം കോടതിയ്ക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.