ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഹണിപ്രീതിനെ നാര്‍കോ ടെസ്റ്റിന് വിധേയയാക്കാനുള്ള നടപടി സ്വീകരിച്ചേക്കുമെന്ന് പൊലീസിലെ ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഹണിപ്രീത് ഒക്ടോബര്‍ 3നാണ് പഞ്ചകുല കോടതിയില്‍ കീഴടങ്ങിയത്. ഗുര്‍മീതിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ കലാപം നടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്ന കേസിലെ ഒന്നാം പ്രതിയാണ് ഹണിപ്രീത് ഇന്‍സാന്‍. ഹണിപ്രീതിനൊപ്പം സിര്‍സയിലെ അവരുടെ സഹായിയായ ശുക്ദീപ് കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഹണിപ്രീത് ഇപ്പോള്‍. 


ചോദ്യം ചെയ്യലുമായി ഹണിപ്രീത് സഹകരിച്ചില്ലെങ്കില്‍ പൊലീസ് കസ്റ്റഡി നീട്ടിക്കിട്ടുന്നതിന് കോടതിയെ സമീപിക്കുമെന്ന് പഞ്ചകുല പൊലീസ് കമ്മീഷണര്‍ എ.എസ് ചൗള വ്യക്തമാക്കി. 


കീഴടങ്ങുന്നതിന് മുന്‍പ് ഒരു ദേശീയ മാധ്യമത്തിന് ഹണിപ്രീത് അഭിമുഖം നല്‍കിയിരുന്നു. ഗുര്‍മീതും താനും അച്ഛനും മകളും പോലെയാണെന്നും അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ പ്രചാരണം നടത്തരുതെന്നും അഭിമുഖത്തില്‍ ഹണിപ്രീത് അഭ്യര്‍ത്ഥിച്ചു. 


അന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയില്‍ എല്ലാം നന്നായി നടക്കുമെന്നാണു കരുതി, വൈകിട്ടോടെ മടങ്ങാനാകുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ കോടതിവിധി എതിരായിരുന്നു. വിധി അറിഞ്ഞതോടെ ബുദ്ധിയും മനസ്സും മരവിച്ചു. പിന്നെ എങ്ങനെയാണ് കലാപമൊക്കെ ആസൂത്രണം ചെയ്യാന്‍ കഴിയുകയെന്നും അവര്‍ ചോദിച്ചു. 


2009ലാണ് ആള്‍ദൈവം ഗുര്‍മീത് റാം റഹീം വിവാഹിതയായ ഹണിപ്രീതിനെ മകളായി ദത്തെടുത്തത്. പ്രിയങ്ക തനേജയെന്നായിരുന്നു അവരുടെ പഴയ പേര്.