ചണ്ഡീഗഢ്: ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുപുത്രിയായ ഹണിപ്രീത് ഇന്‍സാന്‍ പഞ്ച്കുലയില്‍ കലാപം സൃഷ്ടിക്കാന്‍ ദേരാ സച്ഛാ സൗദാ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തതായി റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുര്‍മീത് റാം റഹീം സിങിന്‍റെ സഹായിയായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. കേസില്‍ വിധി പറയുന്നതിന് കുറച്ചു ദിവസം മുമ്പാണ് ഹണിപ്രീത് പണം കൈമാറിയതെന്നാണ് രാകേഷിന്‍റെ മൊഴി. ദേരയുടെ പഞ്ച്കുല ശാഖയുടെ തലവന്‍ ചംകാര്‍ സിങിനാണ് ഹണിപ്രീത് പണം കൈമാറിയത്. ഗുര്‍മീതിന് ശിക്ഷ വിധിച്ചതിനു ശേഷമുണ്ടായ അക്രമങ്ങള്‍ സൃഷ്ടിക്കാനാണ് ഈ പണം ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലാണ് രാകേഷ് കുമാര്‍. സെപ്റ്റംബര്‍ 27 നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.


ബലാത്സംഗക്കേസില്‍ ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഓഗസ്റ്റ് 25നാണ് കോടതി ശിക്ഷ വിധിച്ചത്. അന്ന് പഞ്ച്കുലയിലും പ്രദേശത്തും നടന്ന അക്രമത്തില്‍ 35ഓളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.  ഒളിവിലായിരുന്ന ഹണിപ്രീത് ഒക്ടോബര്‍ 3-നാണ് പിടിയിലാകുന്നത്.