ഗാന്ധിനഗര്‍: കോണ്‍ഗ്രസ് എം പി അഹമ്മദ് പട്ടേല്‍ രാജ്യസഭയില്‍നിന്ന് രാജിവയ്ക്കണമെന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആവശ്യത്തിന് മറുപടിയുമായി മുന്‍ ധനകാര്യമന്തി പി. ചിദംബരം രംഗത്തെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വ്യക്തി സാങ്കേതികവിദഗ്ധനായി ജോലിയില്‍ പ്രവേശിക്കുന്നു, അയാള്‍ ഐഎസ് ഭീകര സംഘടനയുമായി ബന്ധപ്പെടുന്നു, ആ സ്ഥാപനത്തില്‍ നിന്നും 3 വര്‍ഷം മുന്‍പ് രക്ഷാധികാരി ചുമതലയില്‍നിന്നും പിരിഞ്ഞുപോയ വ്യക്തിക്ക് എങ്ങനെയാണ് ഈ സംഭവത്തില്‍ ഉത്തരവാദിത്വം ഉണ്ടാവുക, അദ്ദേഹം ചോദിച്ചു. ബിജെപിയുടെ ആവശ്യമോര്‍ത്ത് അതിശയം തോന്നുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഗുജറാത്തില്‍ നിന്നും രണ്ടുദിവസം മുന്‍പ് ഐ എസ് ബന്ധം സംശയിച്ച് രണ്ടുപേരെ തീവ്രവാദ വിരുദ്ധ വിഭാഗം പിടികൂടിയിരുന്നു. ഇവരില്‍ ഒരാളായ കാസിം സ്റ്റിംബര്‍വാല അഹമ്മദ് പട്ടേല്‍ മുന്‍പ് ട്രസ്റ്റിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയിലെ മുന്‍ജീവനക്കാരനായിരുന്നു. ഇയാള്‍ ഒക്ടോബര്‍ 4 ന് ആണ് ഇയാള്‍ രാജിവച്ചത്. 


സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ 2014 വരെ ട്രസ്റ്റിയായിരുന്നു അഹമ്മദ് പട്ടേല്‍. ഇതാണ് രാജിവയ്ക്കണമെന്ന ആവശ്യത്തിന്‍റെ അടിസ്ഥാനം. കൂടാതെ മാധ്യമങ്ങളോട് സംസാരിച്ച വേളയില്‍ സംഭവത്തെപ്പറ്റി പട്ടേലും രാഹുല്‍ഗാന്ധിയും മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍ വിജയ് രൂപാണിയുടെ ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്. സമാധാന പ്രിയരായ ഗുജറാത്തികളെ വിഭജിക്കരുതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. 


തീവ്രവാദ വിരുദ്ധ വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തെ പ്രശംസിക്കുന്നെന്നും, അവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും അഹമ്മദ് പട്ടേല്‍ ആവശ്യപ്പെട്ടു. ബിജെപി ഉന്നയിച്ചിരിക്കുന്നത് പൂര്‍ണ്ണമായും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബിജെപിയും മുഖ്യമന്ത്രി വിജയ് രൂപാണിയും സ്വന്തം കഴിവുകേട് മറയ്ക്കാന്‍ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ് എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ടീപ് സുര്‍ജേവാല അഭിപ്രായപ്പെട്ടു.