ജമ്മു-കശ്മീര്‍: ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണെന്ന്‍ ഗവര്‍ണര്‍ സത്യപാൽ മാലിക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണെന്നും, എന്നാല്‍ പ്രദേശത്ത് യുവാക്കള്‍ കൊല്ലപ്പെടുമ്പോള്‍ സുരക്ഷാസേനയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ കൊല്ലപ്പെടുന്നത് ആര്‍ക്കും നല്ലതായി തോന്നില്ല, കശ്മീര്‍ യുവാക്കളെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അവരെ തിരികെ കൊണ്ടുവരാൻ ഏതു തരത്തിലുള്ള പദ്ധതിയാണ് ആവശ്യമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, യുവാക്കള്‍ തോക്കെടുക്കുമ്പോള്‍ സുരക്ഷാസേന പൂച്ചെണ്ട് നല്‍കില്ല, അദ്ദേഹം പറഞ്ഞു.


ഇപ്പോള്‍, സ്ഥിതി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരുമായി ചർച്ച നടത്താൻ ഹുറിയത്ത് കോൺഫറൻസ് തയ്യാറാണ്.


"2016ൽ റാം വിലാസ് പാസ്വാനെ അവരുടെ വാതിൽക്കൽ നിന്ന് പിന്തിരിപ്പിച്ചവർ ഇപ്പോൾ ചർച്ചകൾക്ക് തയ്യാറാണ്. നേരത്തെ ഹുറിയത്ത് കോൺഫറൻസ് സംസാരിക്കാൻ തയ്യാറായിരുന്നില്ല, എന്നാൽ ഇന്ന് അവർ ചര്‍ച്ച നടത്താൻ തയ്യാറാണ്. എല്ലാവരിലും  മാറ്റമുണ്ട്," അദ്ദേഹം അഭിപ്രായപ്പെട്ടതായി പ്രമുഖ വാർത്താ ഏജൻസി ANI റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


2018 ഓഗസ്റ്റിൽ ഗവർണറായി ചുമതലയേറ്റതിനുശേഷം ജമ്മു-കശ്മീരില്‍ വളരെ മാറ്റം സംഭവിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. യുവാക്കള്‍ തീവ്രവാദി സംഘടനകളില്‍ ചേരുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. കൂടാതെ, വെള്ളിയാഴ്ചകളിലെ നമാസിന് ശേഷം യുവാക്കള്‍ കല്ലെറിഞ്ഞിരുന്നതും ഏകദേശം അവസാനിച്ചിരിക്കുകയാണ്. 


"ജമ്മു-കശ്മീരിലെ മാറ്റങ്ങള്‍ അറിയണമെങ്കില്‍ അവിടെ താമസിച്ച് അത് കാണുക, രഹസ്യാന്വേഷണ ഏജൻസികളെ മാത്രമല്ല ഞാന്‍ ശ്രവിക്കുന്നത്, കശ്മീരിലെ 200ഓളം ആളുകളുമായി സമ്പര്‍ക്കത്തിലാണ്. അവരില്‍ നിന്ന് ഞാന്‍ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നു. രോഗം (പ്രശ്നം) എന്താണെന്ന്‍ കണ്ടെത്തി, അത് ഒന്നല്ല, നിരവധിയാണ്, ചികിത്സ വേണം, ഇരുപക്ഷത്തുനിന്നുള്ള ഉദ്ദേശ്യങ്ങൾ നല്ലതും ആത്മാർത്ഥവുമാണ്", അദ്ദേഹം പറഞ്ഞു.