റാലി അനുവദിച്ചില്ലെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യാം; മമതയെ വെല്ലുവിളിച്ച് അമിത്ഷാ
ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായതിന്‍റെ രോക്ഷമാണ് മമതയ്ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: കൊൽക്കത്തയിലെ റാലിയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ലെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ.
'റാലി നടത്താന്‍ തന്നെയാണ് തീരുമാനം. അതിന് അനുമതി നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് എന്നെ അറസ്റ്റ് ചെയ്യാം'- അമിത്ഷാ പറഞ്ഞു.
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായതിന്‍റെ രോക്ഷമാണ് മമതയ്ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അമിത്ഷായ്ക്ക് ഇഷ്ടമുള്ള എവിടെയും എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ആരും അദ്ദേഹത്തെ തടയില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമത വ്യക്തമാക്കി.
അമിത്ഷായുടെ നേതൃത്വത്തില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയില്‍ നടത്താനിരുന്ന റാലിയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ 2014 നവംബറില്‍ റാലിയ്ക്ക് അനുമതി ലഭിക്കുകയായിരുന്നു.
അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് മമതാ ബാനര്‍ജി ആരോപിച്ചത്.
ഒരാള്‍ ഇന്ത്യാക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ബിജെപിക്കാരാണോയെന്നും ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമമെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും മമത മുന്നറിയിപ്പും നല്‍കിയിരുന്നു.