Omicron | രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു; കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിലും ഡൽഹിയിലും
12 സംസ്ഥാനങ്ങളിലായാണ് ഇരുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ ഉയരുന്നു. ഇതുവരെ ഇരുന്നൂറിലധികം പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 12 സംസ്ഥാനങ്ങളിലായാണ് ഇരുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ഡെൽറ്റയേക്കാൾ വേഗത്തിലാണെങ്കിൽ ഫെബ്രുവരിയോടെ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, ബ്രിട്ടന് പിന്നാലെ അമേരിക്കയിലും ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. മരിച്ചയാൾ വാക്സിനേഷൻ എടുത്തിട്ടില്ലെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കിയത്. 50-60 ഇടയിൽ പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
ALSO READ: India COVID Update : രാജ്യത്ത് 7,081 പേർക്ക് കൂടി കോവിഡ് രോഗബാധ; 264 മരണങ്ങൾ കൂടി
യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ഒമിക്രോൺ മരണമാണിതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മരിച്ചയാൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാൽ കോവിഡ് കൂടുതൽ സങ്കീർണമായി ബാധിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. മരണം റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് യുഎസ്.
കഴിഞ്ഞയാഴ്ചയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി യുഎസിലെ കോവിഡ് വൈറസ് അണുബാധയുടെ 73 ശതമാനം ഒമിക്രോൺ വേരിയന്റാണെന്ന് സിഡിസി തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ബ്രിട്ടനിലാണ് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബ്രിട്ടനിൽ ഇതുവരെ 12 പേർ ഒമിക്രോൺ ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...