ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ പാംഗോ൦ഗ്    തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ ചൈനീസ് സേന സന്നാഹം ശക്തമാക്കുന്നതായി സൂചനകള്‍ പുറത്തു വരുന്നു. ചൈനീസ് സേന അതിര്‍ത്തിയില്‍  സന്നാഹം ശക്തമാക്കുന്നുവെന്ന് തെളിയിക്കുന്ന  ദൃശ്യങ്ങള്‍ പുറത്ത് വന്നു.  കൂടാതെ,  'ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമായാണ്' ചൈനീസ് സേന  നിലയുറപ്പിച്ചിരിയ്ക്കുന്നത് എന്നാണ്  ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്ന വിവരം.


ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിനു സമീപമാണ്  ചൈന വീണ്ടും സൈനികരെ വിന്യസിച്ചിരിയ്ക്കുന്നത്.  ലഡാക്ക് മേഖലയ്ക്കു പുറത്ത് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സംഘത്തെ വിന്യസിക്കുന്നതായി കുറച്ചുനാളുകളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു ബറ്റാലിയന്‍, ഏകദേശം 1000 സൈനികര്‍ ഉള്‍പ്പെടുന്ന  സേനയെയാണ് PLA ലിപുലേഖ് ചുരത്തില്‍  വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍നിന്നു കുറച്ചുമാറിയാണ് ഇവരുടെ സ്ഥാനം. 


അതേസമയം, ചൈനീസ് സേനയ്ക്ക് ഒത്തവണ്ണം ഇന്ത്യയും മേഖലയിലെ സൈനികരുടെ അംഗബലം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിത്തര്‍ക്കം ഉന്നയിച്ച നേപ്പാളിന്‍റെ  നീക്കങ്ങളും ഇന്ത്യ വീക്ഷിക്കുന്നുണ്ട്. ലഡാക്കിലുള്‍പ്പെടെ ചൈനീസ് സൈന്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഏതു മഞ്ഞുമലകളിലും ഏതു സാഹചര്യത്തെയും നേരിടാനൊരുങ്ങിയാണ് ഇന്ത്യന്‍ സൈന്യം തയാറെടുത്തിരിക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ശൈത്യകാലത്തും സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തുന്നത്. ഈ സമയത്ത് താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്നതിനാല്‍ സൈനികരെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികളാണ് ഇന്ത്യന്‍ സൈന്യം കൈകൊള്ളുന്നത്.   ഹിമാലയന്‍ അതിര്‍ത്തിലേക്ക് 35,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചത്. അതിശൈത്യത്തേയും പ്രതികൂല കാലാവസ്ഥയേയും നേരിടാന്‍ പ്രത്യേക പരിശീലനം നേടിയവരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.


അരുണാചല്‍ പ്രദേശ് വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പലയിടത്തും കൂടുതലായി ഇരു രാജ്യങ്ങളും സൈനികരെ വിന്യസിക്കുകയും ചെയ്തതോടെ, അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഏറി.  അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടെ സൈനിക കമാണ്ടര്‍മാര്‍   നടത്താനിരുന്ന  ചര്‍ച്ചയും മാറ്റിയിട്ടുണ്ട്. ജൂലൈ 30 നായിരുന്നു സൈനിക കമാണ്ടര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടക്കേണ്ടിയിരുന്നത്.