കഴിവുറ്റ പ്രധാനമന്ത്രിയുടെ കുറവ് രാജ്യം മനസിലാക്കുന്നു....! മന്‍മോഹന്‍ സിംഗിന് പിറന്നാളാശംസകളുമായി Rahul Gandhi
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് (Manmohan Singh) ജന്മദിന ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi).
New Delhi: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് (Manmohan Singh) ജന്മദിന ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi).
രാജ്യത്ത് കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പിറന്നാളാംശസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു രാഹുലിന്‍റെ ഈ പരാമര്‍ശം.
"മൻമോഹൻ സിംഗിനെ പോലെയൊരു പ്രധാനമന്ത്രിയുടെ കുറവ് ഇന്ത്യ മനസിലാക്കുന്നു. അദ്ദേഹത്തിന്‍റെ സത്യസന്ധത, മര്യാദ, ആത്മസമർപ്പണം എല്ലാം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്", രാഹുല്‍ ട്വീറ്റ് ചെയ്തു.
ഓരോ ഇന്ത്യക്കാരന്‍റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളാണ് മന്‍മോഹന്‍ സിംഗ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.
"അര്‍പ്പണബോധമുള്ള നേതാവിന്‍റെ ലക്ഷ്യം സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മോശമായ തിന്മകളെ ഉന്മൂലനം ചെയ്യുകയെന്നതാണ്. അത്തരം തിന്മകളെ രാജ്യത്ത് നിന്ന് മായ്ച്ചുകളയുക എന്നതാണ് നേതാവിന്‍റെ പ്രധാനലക്ഷ്യം. ഓരോ ഇന്ത്യന്‍ പൗരന്‍റെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ അര്‍പ്പണബോധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേരുന്നു", കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തു.
ഇതോടൊപ്പം മന്‍മോഹന്‍ സിംഗിന്‍റെ നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
88ാം ജന്മദിനം ആഘോഷിക്കുന്ന മൻമോഹൻ സിംഗിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi), കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിംഗ് തുടങ്ങി സാമൂഹ്യ രാഷ്ട്രിയ മേഖലയിലെ പ്രമുഖർ ജന്മദിന ആശംസകൾ നേർന്നു.
1932 സെപ്റ്റംബര്‍ 26ന് പാക്കിസ്ഥാനിലെ ഗാഗ് പ്രവിശ്യയിലായിരുന്നു ഡോ. മന്‍മോഹന്‍ സിംഗിന്‍റെ ജനനം. സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു.
Also read: മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേയ്ക്ക്
1991ല്‍ മുന്‍ പ്രധാനമന്ത്രി പി. വി നരസിംഹറാവുവിന്‍റെ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്താണ് മന്‍മോഹന്‍സിംഗ് തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഈ സമയത്താണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങള്‍ നടപ്പാക്കിയത്.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ സിഖ് വംശജനാണ് മന്‍മോഹന്‍ സിംഗ് . കൂടാതെ നെഹ്‌റുവിനുശേഷം, അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രി എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്.