ഗുജറാത്ത് തീരത്തെ വെടിവെപ്പിൽ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ
സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു
ന്യൂഡൽഹി: ഗുജറാത്ത് (Gujarat) തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിൽ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ (Diplomat) വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. പാക്ക് നാവിക ഉദ്യോഗസ്ഥൻ വെടിവച്ചുവെന്നാണ് നിഗമനം. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നത്.
ALSO READ: Gujarat Shore Firing| ഗുജറാത്ത് തീരത്ത് വെടിവെയ്പ്പ്, ഒരു മത്സ്യത്തൊഴിലാളി മരിച്ചെന്ന് റിപ്പോർട്ട്
ബോട്ടിൽ ഏഴ് മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ സുരക്ഷിതമായി തിരികെ എത്തിച്ചു. ഇവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയുകയാണ്. സംഭവത്തിൽ പത്ത് പാക്ക് നാവികർക്ക് എതിരെ ഗുജറാത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിവച്ചെന്ന റിപ്പോർട്ടുകൾ പാകിസ്ഥാൻ നിഷേധിച്ചു. പ്രതിഷേധം നയതന്ത്രതലത്തിൽ ഉന്നയിക്കുമെന്ന ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ വിശദീകരണം.
നവംബർ ആറിന് അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ പത്മിനി കോപ്പ് എന്ന് ഇന്ത്യൻ ബോട്ടും ഏഴ് മത്സ്യത്തൊഴിലാളികളും കസ്റ്റഡിയിൽ ഉണ്ടെന്നും ജൽപാരി എന്ന ബോട്ടിനെ കുറിച്ചോ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതിനെ കുറിച്ചോ വിവരം ഇല്ലെന്നുമാണ് പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...