ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഈ നീക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനത്തിന്‍റെ ഭാഗമായി, പാക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.


വിവിഐപിമാരുടെ പ്രത്യേക വിമാനങ്ങൾക്കുള്ള വ്യോമപാത അനുമതി വീണ്ടും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിച്ചതിനെ അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള അനുമതി ഏത് രാജ്യവും തടസ്സം കൂടാതെ നല്‍കി വരുന്നതാണെന്നുമാണ് ഈ വിഷയത്തില്‍ സര്‍ക്കാർ പ്രതിനിധി പ്രതികരിച്ചത്.


യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളില്‍ വ്യോമപാതയ്ക്കുള്ള അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും വിഷയം അന്താരാഷ്ട്ര വ്യോമയാന സംഘടനയെ അറിയിക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.


അതേസമയം, ജമ്മു-കശ്മീരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വ്യോമപാത നിഷേധിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. 


പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണമാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമപാത മുഴുവനായും അടച്ചിരുന്നു. പിന്നീട് മാര്‍ച്ച് 27ന് ഭാഗികമായി തുറന്നെങ്കിലും ഇന്ത്യയ്ക്ക് പാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ജൂലായ് 16നാണ് ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.


ഈ കാലയളവില്‍ നിരവധി തവണ പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും പാക്കിസ്ഥാന്‍ വ്യോമപാത നിരസിച്ചിരുന്നു.