INDIA meeting: മോദിയെ തടയാൻ `ഇന്ത്യ`; മൂന്നാം യോഗത്തിൽ പങ്കെടുക്കാൻ രാഹുലും സോണിയയും മുംബൈയിൽ എത്തി
INDIA Alliance`s Third Meeting in Mumbai: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യ തന്ത്രങ്ങളും സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനവും ചർച്ചയാകും.
മുംബൈ: പ്രതിപക്ഷ ഐക്യമായ ഇന്ത്യയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) മൂന്നാം യോഗം ഇന്നും നാളെയുമായി നടക്കും. യോഗത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മുംബൈയിലെത്തി. പാർട്ടി നേതാക്കളെ സ്വാഗതം ചെയ്യാൻ കോൺഗ്രസ് പ്രവർത്തകർ മുംബൈ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി.
ഇന്ന് വിവിധ പാർട്ടികളിലെ നേതാക്കൾ തമ്മിൽ അനൗപചാരികമായ ചർച്ചകൾ മാത്രമാണ് നടക്കുക. തുടർന്ന് നാളെ (സെപ്റ്റംബർ 1) നേതാക്കളുടെ ഔപചാരിക കൂടിക്കാഴ്ച നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യ തന്ത്രങ്ങളും സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനവും യോഗം ചർച്ച ചെയ്യും. ഇന്ത്യൻ സഖ്യത്തിന്റെ പുതിയ ലോഗോയും നാളെ ഔപചാരികമായി പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മൂന്നാം യോഗത്തിൽ 28 പാർട്ടികൾ പങ്കെടുത്തേക്കുമെന്നാണ് വിവരം.
ALSO READ: പാർലമെന്‍റ് പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതൽ 22 വരെ
സംയുക്ത പ്രതിപക്ഷ ഐക്യത്തിന്റെ ആദ്യ യോഗം ജൂൺ 23-ന് പട്‌നയിലാണ് നടന്നത്. രണ്ടാം യോഗം ജൂലൈ 17-18 തീയതികളിൽ ബെംഗളൂരുവിലും ചേർന്നു. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ മുംബൈയിലാണ് മൂന്നാമത്തെ യോഗം നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയായ ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടാനാണ് പുതിയ പ്രതിപക്ഷ ഐക്യം രൂപീകരിച്ചിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എന്ത് വില കൊടുത്തും തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറുന്നതിൽ നിന്ന് ബിജെപിയെ തടയുക എന്നതാണ് ഇന്ത്യ സഖ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...