Olympics | 2023 ൽ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും
ബീജിംഗിൽ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
മുംബൈ: അടുത്തവര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ബീജിംഗിൽ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാകും യോഗം നടക്കുക. 101 വോട്ടിംഗ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന ഐഒസി അംഗങ്ങളുടെ വാർഷിക യോഗത്തിലാണ് ഐഒസി സെഷന് ഇന്ത്യ വേദിയാകുന്നത് സംബന്ധിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തത്. നാല് പതിറ്റാണ്ടിനിടെ ആദ്യമായായാണ് ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 1983ലാണ് അവസാനമായി ഇന്ത്യ ഐഒസിയോഗത്തിന് ആതിഥേയത്വം വഹിച്ചത്.
ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷൻ ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങളിലേക്കുള്ള സുപ്രധാന വഴിത്തിരിവാണെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗം നിത അംബാനി പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഐഒസി അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായ നിതാ അംബാനി, ഐഒഎ പ്രസിഡന്‍റ് ഡോ. നരീന്ദർ ബത്ര, യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ, ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവർ അടങ്ങുന്ന ഇന്ത്യൻ പ്രതിനിധി സംഘം ബീജിംഗിലെ ഐഒസി സെഷനില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...