ഭോപ്പാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന വ്യാജേന മധ്യപ്രദേശ് ഗവര്‍ണറെ ഫോണ്‍ ചെയ്യുകയും തന്‍റെ സുഹൃത്തിനെ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യോമസേന വിംഗ് കമാന്‍ഡര്‍ കുല്‍ദീപ് സിംഗ് വാഘേലയാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ സുഹൃത്തും ഭോപ്പാലില്‍ ദന്ത ഡോക്ടറുമായ ചന്ദ്രേഷ് കുമാര്‍ ശുക്ലയെയും പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തു.


മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടനെ ഫോണ്‍ ചെയ്ത കുല്‍ദീപ് തന്‍റെ സുഹൃത്തായ ചന്ദ്രേഷ് കുമാറിനെ ജബല്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വകലാശാലയുടെ (MPMSU) വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് അവശ്യപ്പെടുകയായിരുന്നു. 


അമിത് ഷായുടെ പേഴ്സണല്‍ അസിസ്റ്റന്റെന്ന വ്യാജേന ചന്ദ്രേഷും ഗവര്‍ണറോട് സംസാരിച്ചിരുന്നു. ഇതിനെതുടര്‍ന്ന്‍ ഇന്നലെ രണ്ടുപേരെയും പ്രത്യക ദൗത്യസംഘം അറസ്റ്റു ചെയ്യുകയായിരുന്നു.


ഡല്‍ഹിയിലെ വ്യോമസേന ഹെഡ് ക്വാട്ടേഴ്‌സിലാണ് കുല്‍ദീപ് ജോലി ചെയ്യുന്നത്. നേരത്തെ രാം നരേഷ് യാദവ് മധ്യപ്രദേശ് ഗവര്‍ണറായിരുന്ന സമയത്ത് മൂന്നു വര്‍ഷത്തോളം അദ്ദേഹത്തിനൊപ്പം കുല്‍ദീപ് എഡിസിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു.