റഷ്യക്കെതിരെ പോരാടാൻ യുക്രൈൻ പ്രതിരോധ സേനയിൽ ചേർന്ന് തമിഴ്നാട് സ്വദേശി
ഹർകീവിലെ എയ്റോസ്പേസ് സർവകലാശാലയിലെ വിദ്യാർഥിയാണ് 21കാരനായ സായ്നികേഷ്.
ചെന്നൈ: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ യുക്രൈൻ ജനകീയ പ്രതിരോധ സേനയിൽ ചേർന്ന് തമിഴ് യുവാവ്. കോയമ്പത്തൂർ സ്വദേശിയായ സായ്നികേഷ് രവിചന്ദ്രനാണ് യുക്രൈൻ അർദ്ധസൈനിക വിഭാഗത്തിൽ ചേർന്നത്. ഹർകീവിലെ എയ്റോസ്പേസ് സർവകലാശാലയിലെ വിദ്യാർഥിയാണ് 21കാരനായ സായ്നികേഷ്.
2018ലാണ് സായ്നികേഷ് പഠനത്തിനായി യുക്രൈനിലേക്ക് പോയത്. ഈ വർഷം ആദ്യത്തോടെ കോഴ്സ് പൂർത്തിയാക്കി. എന്നാൽ ഇന്ത്യയിലേക്ക് തിരിച്ച വന്നിരുന്നില്ല. യുക്രൈനിൽ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സായ്നികേഷുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഇദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കുന്നു. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് സായ്നികേഷിനെ ബന്ധപ്പെട്ടത്. റഷ്യക്കെതിരെ പോരാടുന്നതിനായി താൻ യുക്രൈന്റെ അർധസൈനിക വിഭാഗത്തിൽ ചേർന്നതായി ഇയാൾ കുടുംബത്തെ അറിയിച്ചു.
ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായ്നികേഷിന് വളരെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അപേക്ഷ നൽകിയ രണ്ട് തവണയും പരാജയപ്പെട്ടു. ഉയരക്കുറവായിരുന്നു കാരണം. ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സായ്നികേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോകൾ വീട്ടിൽ നിന്ന് കണ്ടെത്തി.
അമേരിക്ക, ബ്രിട്ടൺ, സ്വീഡൻ, ലിത്വാനിയ, മെക്സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൈന്യത്തിൽ ചേർന്നതായി യുക്രൈൻ സ്ഥിരീകരിച്ചിരുന്നു. യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ തിരിച്ച് രാജ്യത്തേക്ക് മടങ്ങുകയാണെന്നും ഭൂരിഭാഗം പേരും മടങ്ങിയെത്തിയെന്നും ഒരു വിദ്യാർഥി മാത്രമാണ് യുക്രൈൻ സൈന്യത്തിൽ ചേർന്നതെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...