ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഭദ്രമാണെന്നും സാമ്പത്തിക മേഖലയില്‍ മാന്ദ്യമില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐയുടെ റിപ്പോര്‍ട്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയെ ബാധിച്ചിരിക്കുന്ന മാന്ദ്യം ക്ഷണികമോ താല്‍ക്കാലികമോ അല്ലെന്നാണ് എസ്ബിഐയുടെ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജിഡിപി കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും മോശമായ 5.7 ആയി താഴ്ന്നിരുന്നു. എന്നിട്ടും സാമ്പത്തിക രംഗത്ത് മാന്ദ്യമില്ല എന്നാണ് കേന്ദ്രം പറയുന്നത്. മൊത്ത ആഭ്യന്തര ഉത്പ്പാദന വളര്‍ച്ച ആറുശതമാനത്തില്‍ താഴെയായി രണ്ടാം പാദത്തിലും തുടരുകതന്നെ ചെയ്യുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


2008ലെ ആഗോള മാന്ദ്യത്തിനുശേഷം മുന്‍ യു.പി.എ സര്‍ക്കാര്‍ സമ്പദ്ഘടനയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിരുന്നു. അതുപോലെയുള്ള നീക്കങ്ങള്‍ ഉണ്ടാകണം. എന്നാല്‍ ധനക്കമ്മി കൂടാതിരിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും ചെലവ് കുറയ്ക്കരുതെന്നും പണവിനിയോഗം പരമാവധി വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 


നോട്ടുനിരോധനവും തിരക്കിട്ടുള്ള ജി.എസ്.ടി നടപ്പാക്കലും അടങ്ങിയ 'മോഡിണോമിക്സ്‌' തീരുമാനങ്ങള്‍ കനത്ത സാമ്പത്തിക തകര്‍ച്ച സൃഷ്ടിച്ച സാഹചര്യത്തിലാണ് എസ്ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.


അതേസമയം, മാന്ദ്യമില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. മാന്ദ്യം സാങ്കേതികം മാത്രമാണെന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ കൃത്യമായി ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അവകാശവാദങ്ങളെ സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എസ്ബിഐ പൂര്‍ണമായും തള്ളിക്കളയുകയാണ്.