ന്യൂഡൽഹി ∙ ഇന്ത്യയില്‍ ആദ്യ ബുള്ളറ്റ് ട്രെയിൻ 2024ൽ ഓടിത്തുടങ്ങും. മുംബൈ അഹമ്മദാബാദ് പാതയുടെ നിർമാണം അടുത്ത വർഷമാണ് തുടങ്ങുന്നത്. 2023ഓടെ നിര്‍മാണം പൂർത്തിയാക്കാനുള്ള  അന്തിമരൂപമായി. കൂടാതെ രാജ്യത്തിന്‍റെ നാലു കോണുകളിലെ സുപ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഡൽഹി മുംബൈ ചെന്നൈ കൊൽക്കത്ത വജ്ര ചതുഷ്കോണ അതിവേഗ പാതയും റയിൽവേയുടെ സജീവ പരിഗണനയിലുണ്ട്. ഇതിനു പുറമേ ഡൽഹി ചണ്ഡീഗഡ് അമൃത്‌സർ, ചെന്നൈ ബെംഗളൂരു, മൈസൂരു അതിവേഗ പാതകളും സമാ‌ന്തരമായി തന്നെ വികസിപ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിങ്ങനെ: അനുകൂല നിബന്ധനകൾ അംഗീകരിക്കുന്നതിലൂടെ മികച്ച നിക്ഷേപാവസരമെന്ന്‍ വാഗ്ദാനം  സ്വീകരിച്ചതോടെ ജപ്പാൻ രാജ്യാന്തര സഹകരണ ഏജൻസി (ജൈക്ക) പദ്ധതി യാഥാർഥ്യമാക്കുകയും ചെയ്തു. പദ്ധതിച്ചെലവിന്‍റെ 80% ജൈക്ക തന്നെ വഹിക്കും. 70,000 കോടിരൂപയാണ് പദ്ധതിയുടെ നിർമാണ ചിലവെന്നാണ് കണക്കെങ്കിലും പൂർത്തിയാകുമ്പോഴേക്കും 98,000 കോടി ചെലവായേക്കും.  0.1% പലി‌ശയ്ക്കാണ് ജൈക്ക പണം നൽകുന്നത്. കൂടാതെ വായ്പ കാലാവധിയായി 50 വർഷവും. തിരിച്ചടവിനു 10 വർഷം മൊറട്ടോറിയം.


ട്രെയിനിന്‍റെ പരമാവധി വേഗം 350 കിലോമീറ്ററായിരിക്കും . അതായത് മുംബൈയിൽ നിന്ന് അഹമ്മദാബാദ് വരെയുള്ള 500 കിലോമീറ്റർ, സ്റ്റോപ്പുകളുടെ എണ്ണമനുസരിച്ച്, രണ്ടു മുതൽ മൂന്നു മണിക്കൂർ കൊണ്ട് പിന്നിടാൻ സാധിക്കും. സ്റ്റോപ്പുകള്‍ കൂടുതലാണെങ്കില്‍ പെട്ടെന്നു വേഗമാർജിക്കുകയും പെട്ടെന്നു നിർത്തുകയും ചെയ്യാവുന്ന ഫ്രഞ്ച് ട്രെയിനുകളായിരിക്കും അനുയോജ്യം. അതേസമയം നോൺസ്റ്റോപ് യാത്രയ്ക്കു  ജപ്പാൻ ട്രെയിനുകള്‍ തന്നെഅനുയോജ്യം.


ബുള്ളറ്റ് ട്രെയിനിന്‍റെ  ടിക്കറ്റ് നിരക്ക് ഏറക്കുറെ വിമാനത്തിന്‍റെ ടിക്കറ്റ് നിരക്കായിരിക്കും . അതേസമയം വിമാനത്തില്‍ കയറാന്‍  വേണ്ട ചെക് ഇൻ സമയം ഇവിടെ ലാഭിക്കാം. കേന്ദ്ര സര്‍ക്കാരിന്‍റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഭൂമി ഏറ്റെടുക്കല്‍. സ്റ്റേഷനുകൾക്കു ഭൂ‌മി വേണ്ടതാകട്ടെ, തിരക്കേറിയ നഗരമേഖലകളിലും. എങ്കിലും പ്രാഥമിക തടസ്സങ്ങൾ ഈ വർഷത്തോടെ മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.