ശ്രീനഗര്‍: ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു കശ്മീരിലുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്നു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജനക്കൂട്ടം ആയുധസമാഹരണം നടത്തുന്നുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്താണ് ഇവര്‍ ആയുധശേഖരം വര്‍ധിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടുദിവസം മുന്‍പ് കുല്‍ഗാമിലെ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ ജനക്കൂട്ടം ജമ്മു കശ്മീര്‍ പൊലീസിന്റെ പക്കല്‍നിന്ന് എഴുപതിലധികം സെമി ഓട്ടോമാറ്റിക്, ഓട്ടോമാറ്റിക് ആയുധങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ചയും ആയുധങ്ങള്‍ ലക്ഷ്യമിട്ട് ജനക്കൂട്ടം വിവിധ പൊലീസ് സംഘങ്ങളെ ആക്രമിച്ചു. പൊലീസ് പോസ്റ്റിനുനേരെ ഇന്നലെയും ഭീകരാക്രമണം ഉണ്ടായി. 


പൊലീസ് ഓഫിസറുടെ കുടുംബത്തിനുനേരെ ജനക്കൂട്ടം നടത്തിയ കൈയേറ്റത്തില്‍ പൊലീസ് ഓഫിസറുടെ ഭാര്യക്കും മകള്‍ക്കും പരുക്കേറ്റു. പുല്‍വാമ ജില്ലയില്‍റോമുവില്‍ പൊലീസ് സ്റ്റേഷനു തീവച്ചു. ബാരാമുള്ള ജില്ലയില്‍ സോപോര്‍ പട്ടണത്തില്‍ വാര്‍പോറാ മേഖലയില്‍ പൊലീസ് സംഘത്തിനുനേരെ ആക്രമണം ഉണ്ടായി.


അതിനിടെ, കശ്മീര്‍ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഒരു പൊലീസ് വാഹനത്തിന്റെ ഡ്രൈവറും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലുകളില്‍ 115 സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ ഇതുവരെ 550 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.അതിനിടെ, പ്രതിഷേധക്കാര്‍ക്കുനേരെ മിതമായ ബലപ്രയോഗമേ ആകാവൂ എന്ന് കശ്മീര്‍ സഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശിച്ചു.