International Women`s Day 2023: വനിതാ ദിനത്തിൽ വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ
International Women`s Day Celebrations: ഈ വർഷത്തെ യുഎൻ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം `ഡിജിറ്റൽ: ലിംഗസമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും` എന്നതാണ്.
മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തെലങ്കാന സർക്കാർ വനിതാ ജീവനക്കാർക്കായി പ്രത്യേക കാഷ്വൽ അവധി പ്രഖ്യാപിച്ചു. പൊതുഭരണ (സേവന ക്ഷേമം) വകുപ്പ് തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ ചീഫ് സെക്രട്ടറി ശാന്തികുമാരി ഒപ്പുവച്ചു.
ഉത്തരവിൽ ബന്ധപ്പെട്ട എല്ലാവരും അതിനനുസൃതമായി ആവശ്യമായ നടപടി സ്വീകരിക്കാൻ വ്യക്തമാക്കുന്നു. എല്ലാ വർഷവും അന്താരാഷ്‌ട്ര വനിതാ ദിനം സ്ത്രീകളെ സംബന്ധിക്കുന്ന ഒരു വിഷയത്തെ അടിസ്ഥാനമാക്കിയാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ യുഎൻ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം 'ഡിജിറ്റൽ: ലിംഗസമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും' എന്നതാണ്.
സർക്കാർ മേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്കായാണ് തെലങ്കാനയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികൾക്കാണ് തെലങ്കാന സർക്കാർ തുടക്കം കുറിക്കുന്നത്. പരിപാടിയിൽ നഗര-ഗ്രാമ-തദ്ദേശ മേഖലകളിലെ വനിതാ ജനപ്രതിനിധികളെയും സ്വയം സഹായ സംഘങ്ങളിലേയും വിവിധ എൻജിഒകളിലേയും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.
വിവിധ സ്വയം സഹായ സംഘം പ്രവർത്തകർ നിർമിച്ച വസ്തുക്കളുടെ പ്രദർശന-വിപണന മേളയും തെലങ്കാനയിൽ വിവിധയിടങ്ങളിൽ സംഘടിപ്പിക്കും. കായിക-സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടെ വിപുലമായ ആഘോഷങ്ങളും നടത്തും. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെ സംബന്ധിച്ചും സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ചും വിവിധ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...