ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബില്ലില്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ബില്ലിനെ എതിര്‍ത്തുകൊണ്ടു കോണ്‍ഗ്രസ്‌ രംഗത്ത് വന്നു. എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്‌ ആവശ്യമുന്നയിച്ചു.


ബില്ല് കൊണ്ടു വന്നത് നിയമ വിരുദ്ധമാണെന്നാണ് ലോക്‌സഭയിലെ കോണ്‍ഗ്രസിന്‍റെ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധുരി ആരോപണം ഉന്നയിച്ചത്. എന്താണ് നിയമവിരുദ്ധമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടണമെന്ന് സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ള ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസ് നിരയില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.


കശ്മീര്‍ ആഭ്യന്തര വിഷയമല്ലയെന്ന് വാദിച്ച അധിര്‍ രഞ്ജന്‍ ചൗധുരിയ്ക്ക് കടുത്ത ഭാഷയിലാണ് അമിത് ഷാ മറുപടി നല്‍കിയത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ അദ്ദേഹം കശ്മീരിൽ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും വ്യക്തമാക്കി. 


ഇതേതുടര്‍ന്ന്‍ സഭയില്‍ ബഹളം തുടങ്ങി. ഈ ബഹളത്തിനിടയില്‍ ബില്ല് പാസ്സാക്കിയെടുക്കാന്‍ ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. മാത്രമല്ല ഇത് രാഷ്ട്രീയനീക്കമല്ല, രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണെന്നും അമിത് ഷാ പറഞ്ഞു. 


ഇതേത്തുടർന്ന് പ്രതിപക്ഷത്തിന്‍റെ ബഹളം രൂക്ഷമായി. ബില്ലിന്‍റെ നിയമവശങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ചർച്ചയിൽ ചൂണ്ടിക്കാട്ടുന്നത്. 


തൃണമൂൽ കോൺഗ്രസ് ബില്ലിനെതിരെ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ബില്ലിനെതിരെ സംസാരിച്ച ഡിഎംകെ എംപി ടി ആർ ബാലു രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആരോപിച്ചു


ഇന്നലെ രാജ്യസഭക്ക് പിന്നാലെ ലോക്സഭയിലും ജമ്മു-കശ്മിര്‍ പ്രമേയവും വിഭജന ബില്ലും ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചിരുന്നു.