`സൂപ്പർഹീറോ വന്നില്ല`, കൊൽക്കത്തയിൽ കെട്ടിടത്തിൽ നിന്ന് വീണ് 12കാരൻ മരിച്ചു
ശനിയാഴ്ച കുടുംബത്തിലെ മറ്റ് അംഗങ്ങൾ ഒരു പൂജയുടെ തിരക്കിലായിരുന്നപ്പോഴാണ് ബിരാജ് പച്ചിസിയ എന്ന 12 വയസുകാരൻ ടെറസിൽ പോയതും അവിടെ നിന്നും താഴേക്ക് ചാടിയതും.
കൊൽക്കത്ത: കൊൽക്കത്തയിൽ അപ്പാർട്ട്മെന്റിന്റെ മുകളിൽ നിന്ന് ചാടിയ 12 വയസുകാരൻ മരിച്ചു. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ജനപ്രിയ ജാപ്പനീസ് വെബ് സീരീസായ ‘പ്ലാറ്റിനം എൻഡ്’ എന്ന വെബ് സീരീസിന് അടിമയായിരുന്നു കുട്ടിയെന്നാണ് പോലീസ് പറയുന്നത്. സീരീസിലെ പോലെ ഒരു 'സൂപ്പർഹീറോ' തന്നെ രക്ഷിക്കാൻ എത്തുമെന്ന പ്രതീക്ഷയിലാണ് കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്ന് കുട്ടി ചാടിയതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറയുന്നു.
'പ്ലാറ്റിനം എൻഡ്' ഒരു സാങ്കൽപ്പിക കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിൽ കൗമാരക്കാരനായ നായകൻ സമാനമായ രീതിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയും തുടർന്ന് ഒരു മാലാഖ വന്ന് നായകനെ രക്ഷിക്കും. അതിനുശേഷം നായകന് മാന്ത്രിക ശക്തികൾ ഉണ്ടാകുന്നു. ഈ സീരീസിന് അടിമയായ കുട്ടി അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിലൊരു പ്രവർത്തി ചെയ്തതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച കുടുംബത്തിലെ മറ്റ് അംഗങ്ങൾ ഒരു പൂജയുടെ തിരക്കിലായിരുന്നപ്പോഴാണ് ബിരാജ് പച്ചിസിയ എന്ന 12 വയസുകാരൻ ടെറസിൽ പോയതും അവിടെ നിന്നും താഴേക്ക് ചാടിയതും. ബഹളം കേട്ട് ആളുകൾ കുളത്തിന്റെ ഭാഗത്തേക്ക് ഓടിയെത്തി കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
Also Read: ഒമിക്രോൺ ഉപവകഭേദം; അതിവേഗം പടരും, ഗുരുതരമാണെന്നതിന് തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന
ഇത്തരത്തിലുള്ള സീരിയലുകളും വെബ് സീരീസുകളും യുവ മനസ്സുകളുടെ മനഃശാസ്ത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതിന്റെ പേരിൽ നിരവധി ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. മുൻപ് 'ബ്ലൂ വെയ്ൽ', 'പബ്ജി' തുടങ്ങിയ ഗെയിമുകൾക്കായിരുന്നു കുട്ടികളും, യുവാക്കളും അടിമകളായി ജീവൻ കളഞ്ഞിട്ടുള്ളത്. ഇതൊരു അപകടകരമായ പ്രവണതയാണെന്ന് മനോരോഗവിദഗ്ദ്ധൻ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...