JEE, NEET എക്സാമുകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു
നേരത്തെ ഈ പരീക്ഷകൾ ഏപ്രിൽ മെയ് മാസങ്ങളിൽ നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ കോറോണ രാജ്യമെമ്പാടും വ്യാപിച്ചതിനെ തുടർന്ന് പരീക്ഷകളെല്ലാം മാറ്റി വയ്ക്കുകയായിരുന്നു.
ന്യുഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE), നീറ്റ് (NEET) പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു.
ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും നീറ്റ് പരീക്ഷ ജൂലൈ 26 നുമായിരിക്കും നടത്തുകയെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാലാണ് പ്രഖ്യാപിച്ചത്. നേരത്തെ ഈ പരീക്ഷകൾ ഏപ്രിൽ മെയ് മാസങ്ങളിൽ നടത്താനായിരുന്നു തീരുമാനിച്ചത്.
എന്നാൽ കോറോണ രാജ്യമെമ്പാടും വ്യാപിച്ചതിനെ തുടർന്ന് പരീക്ഷകളെല്ലാം മാറ്റി വയ്ക്കുകയായിരുന്നു. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡും ഉടനെ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ജെഇഇ അഡ്വാൻസ് ആഗസ്റ്റിൽ ആയിരിക്കും നടത്തുന്നത്. രണ്ടു പരീക്ഷകളും നടത്തുന്നത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യാണ്. പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത് കൊണ്ട് ബാക്കിയുള്ള ബോർഡ് പരീക്ഷകളുടെ തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.
ജെഇഇ മെയിൻ പരീക്ഷയ്ക്ക് ഏകദേശം 9 ലക്ഷം വിദ്യാർത്ഥികളും നീറ്റ് പരീക്ഷയ്ക്ക് ഏകദേശം 15.2 ലക്ഷം വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.