മുംബൈ: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ യുവ നേതാക്കളായ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ എന്നിവര്‍ മുതിര്‍ന്ന നേതാക്കളായ എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരോട് ചേര്‍ന്ന് ജനാധിപത്യ സംരക്ഷണ റാലി നടത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നടത്തിയ വിമർശനവും തുടര്‍ന്നുണ്ടായ പ്രതിസന്ധിയുമാണ് യുവ നേതാക്കളുടെ ഈ ജനാധിപത്യ സംരക്ഷണ റാലിയ്ക്ക് പശ്ചാത്തലമോരുക്കിയത്.


കഴിഞ്ഞ വർഷം ബിജെപിയോട് ഇടഞ്ഞ് എൻഡിഎ വിട്ട മഹാരാഷ്ട്രയിലെ കർഷകനേതാവും ലോക്‌സഭാംഗവുമായ രാജു ഷെട്ടിയാണു റാലിയുടെ മുഖ്യ സംഘാടകന്‍. കൂടാതെ വിമത ജെഡി (യു) നേതാവ് ശരദ് യാദവ്, ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി എന്നിവരും റാലിയിൽ പങ്കെടുത്തേക്കും.


മുംബൈ പോലീസ് ഈ മഹാറാലിയ്ക്ക് അനുമതി നല്‍കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം, മേവാനി കഴിഞ്ഞ ജനുവരി 4 ന് മുംബൈയിൽ ജെഎൻയു നേതാവ് ഉമർ ഖാലിദിനൊപ്പം നടത്താനിരുന്ന മീറ്റിംഗ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് റദ്ദാക്കിയിരുന്നു.


കൂടാതെ, രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളായ അഴിമതി, ദാരിദ്രം, തൊഴിലില്ലായ്മ എന്നിവയെ അവഗണിച്ച് ഘർ വാപസി, ലൗ ജിഹാദ്, പശു എന്നിവയ്ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്ന് മേവാനി അഭിപ്രായപ്പെട്ടു.