കശ്മീര്‍ പ്രശ്നം: മെഹ്ബൂബ മുഫ്തി രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തി
കശ്മീര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. പ്രശ്‌നപരിഹാരത്തിനായി മധ്യസ്ഥനായി ദിനേശ്വര്‍ ശര്‍മ്മയെ നിയമിച്ചത് തള്ളി ഹുറിയത്ത് രംഗത്തുവന്നതിന് പിന്നാലെയാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ദില്ലിയിലെത്തിയിരിക്കുന്നത്. സൈന്യം ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഹുറിയത്ത് നാളെ കശ്മീരില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. പ്രശ്‌നപരിഹാരത്തിനായി മധ്യസ്ഥനായി ദിനേശ്വര്‍ ശര്‍മ്മയെ നിയമിച്ചത് തള്ളി ഹുറിയത്ത് രംഗത്തുവന്നതിന് പിന്നാലെയാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ദില്ലിയിലെത്തിയിരിക്കുന്നത്. സൈന്യം ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഹുറിയത്ത് നാളെ കശ്മീരില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജമ്മുകാശ്മീരിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം അംഗീകരിച്ചാണ് പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കായി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി ദിനേശ്വര്‍ ശര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥനായി കഴിഞ്ഞ ദിവസം നിയമിച്ചത്. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അത് സ്വാഗതം ചെയ്‌തെങ്കിലും വിഘടന വാദികള്‍ ആ തീരുമാനത്തെ തള്ളി. മധ്യസ്ഥന്‍ നടത്തുന്ന ചര്‍ച്ചയിലൂടെ മാത്രം കശ്മീരിലെ പ്രശ്‌നങ്ങള്‍ തീരില്ലെന്ന് കോണ്‍ഗ്രസ്സും സിപിഎമ്മും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ മധ്യസ്ഥന്‍ ദിനേശ്വര്‍ ശര്‍മ്മയുടെ പരിഗണന വിഷയങ്ങള്‍ ഉള്‍പ്പടെയുള്ളവ ചര്‍ച്ചയായതായി സൂചനയുണ്ട്.
കശ്മീര്‍ ചര്‍ച്ചക്കായി മധ്യസ്ഥനെ നിയോഗിച്ചതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം ഹിസ്ബുള്‍ മേധാവി സയീദ് സലാഹുദീന്‍റെ മകന്‍ സയീദ് യൂസഫിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പലരുടെയും കുടുംബങ്ങളെ സൈന്യം പീഡിപ്പിക്കുകയാണെന്ന് ആരോപണവുമായി ഹുറിയത്ത് രംഗത്തെത്തിയത് കശ്മീരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഹുറിയത്ത് നാളെ കശ്മീരില്‍ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങളെല്ലാം രാജ്‌നാഥ്‌സിംഗ്-മെഹബൂബ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നതായി സൂചനയുണ്ട്. പക്ഷെ, കൂടിക്കാഴ്ച സംബന്ധിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി തയ്യാറായില്ല.