ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങളുടെ എണ്ണം ഉയരുന്നു; ഭൂമി ഇടിയുന്നത് ദ്രുതഗതിയിലെന്ന റിപ്പോർട്ട് പിൻവലിച്ച് ഐഎസ്ആർഒ
ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം അധികൃകർ കൂട്ടിയിട്ടുണ്ട്. 754 പേരെ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ന്യൂഡൽഹി: ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങളുടെ എണ്ണം കൂടുന്നു. 782 കെട്ടിടങ്ങൾ ഇതുവരെ തകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 148 കെട്ടിടങ്ങൾ അപകട മേഖലയായി ജില്ലാ ഭരണകൂടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 754 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അതേസമയം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമൂടിയ കാറ്റ് വീശിയടിക്കുന്നതിനാൽ, ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് 38 കുടുംബങ്ങളെക്കൂടി ഒഴിപ്പിച്ചു. ജോഷിമഠിലെ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഇലക്ട്രിക് ഹീറ്ററുകളും നൽകിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലെ മുറികളുടെ എണ്ണം 615 ആയി വർധിപ്പിച്ചിട്ടുണ്ട്. അതിൽ 2,190 പേർക്ക് താമസിക്കാനാകും. ഗാന്ധിനഗർ, സിംഗ്ധർ, മനോഹർ ബാഗ്, സുനിൽ വാർഡുകൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ സുരക്ഷിതമല്ലെന്നും റിപ്പോർട്ടുണ്ട്.
അതേസമയം ജോഷിമഠിലെ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച സമിതികളിലെ വിദഗ്ധർ മാധ്യമങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്ന ഉത്തവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ദുരന്തനിവാരണ അതോറിറ്റിയാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. ജോഷിമഠിൽ ഭൂമി ഇടിഞ്ഞ് താഴുന്നത് ദ്രുതഗതിയിലാണെന്ന റിപ്പോർട്ട് ഐ.എസ്.ആര്‍.ഒയും പിൻവലിച്ചിരുന്നു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് വെബ്സൈറ്റില്‍ നിന്ന് നീക്കിയതെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പിന്‍വലിച്ചതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...