ജോധ്പുര്‍: നീതി ഒരിക്കലും പ്രതികാരമല്ലെന്നും പ്രതികാരമായാല്‍ അതിന്‍റെ സ്വഭാവം മാറുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈദരാബാദിലെ മൃഗ ഡോക്ടറെ പീഡിപ്പിച്ചശേഷം കത്തിച്ചുകൊന്ന പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ ഈ പരാമര്‍ശം. 


നീതി എന്നത് പ്രതികാരമായാല്‍ നീതിക്ക് അതിന്‍റെ ഗുണം നഷ്ടപ്പെടുമെന്നും തല്‍ക്ഷണം ലഭിക്കുന്ന കാര്യമല്ല നീതിയെന്നും ജസ്റ്റിസ് ബോബ്‌ഡെ മുന്നറിയിപ്പു നല്‍കി.


ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ സ്ത്രീകള്‍ അതികഠിനമായ വേദനയിലൂടെയും മാനസിക സംഘര്‍ഷത്തിലൂടെയുമാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു.


ഹൈദരാബാദിലെ കൂട്ടബലത്സംഗകേസിലെ പ്രതികളെ അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിന് സംഭവ സ്ഥലത്ത് എത്തിച്ചപ്പോഴുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് നാലു പ്രതികളേയും വെടിവെച്ചു കൊന്നത്.


ഇക്കാര്യത്തില്‍ രാജ്യമൊട്ടാകെ സമ്മിശ്ര പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. ഇത് പ്രതികള്‍ അര്‍ഹിക്കുന്ന വിധിയാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ പിന്നെ രാജ്യത്ത് നീതിപീഠത്തിന്‍റെ ആവശ്യമെന്തെന്ന്‍ മറ്റുകൂട്ടര്‍ പറയുന്നു.


നിര്‍ഭയാ കേസിനെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഇങ്ങനൊരു വിധിയാണ് ശരിക്കും വേണ്ടതെന്നുതന്നെ പറയാം.  ഏഴു വര്‍ഷമായിട്ടും നീതിയ്ക്ക് വേണ്ടി ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ് നിര്‍ഭയയുടെ അമ്മയായ ഉഷാ ദേവി.