ന്യൂഡല്‍ഹി: സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജിയായിരുന്ന ബിഎച്ച് ലോയുടെ മരണം സംബന്ധിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട സര്‍ക്കാര്‍ കേസ് പുനരന്വേഷിക്കുമെന്ന്‍ റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈയില്‍ നടന്ന എന്‍സിപി യോഗത്തിന് ശേഷം മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ നീണ്ട മൂന്ന് മണിക്കൂര്‍ യോഗത്തിനു ശേഷമാണ് ഈ തീരുമാനമെടുത്തത്.


സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കവേയാണ് 2014 ഡിസംബര്‍ ഒന്നിന് ജഡ്ജി ലോയയുടെ മരണം സംഭവിക്കുന്നത്‌. നാഗ്പൂരില്‍ ഒരു സഹപ്രവര്‍ത്തകന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരണമടയുകയായിരുന്നു. 


വ്യക്തമായ തെളിവുകളോടെ ആരെങ്കിലും ജസ്റ്റിസ് ലോയുടെ മരണത്തില്‍ പരാതി നല്‍കിയാല്‍ കേസ് പുനഃരന്വേഷിക്കുമെന്നാണ് നവാബ് മാലിക്ക് പറഞ്ഞത്.  കാരണം കൂടാതെ വിഷയത്തില്‍ അന്വേഷണം നടത്തില്ലെന്നും നവാബ് മാലിക് പറഞ്ഞു.


വെറുതെയുള്ള പരാതിയിലല്ല വ്യക്തമായ വസ്തുതയുള്ള പരാതിയിന്‍മേല്‍ മാത്രമേ പുനരന്വേഷണം നടത്തുകയുള്ളൂവെന്നും നവാബ് മാലിക്ക് വ്യക്തമാക്കി. 


മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേസില്‍ പുന:രന്വേഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ തീര്‍ച്ചയായും കേസ് അന്വേഷിക്കുമെന്നാണ് ശരദ് പവാര്‍ അന്ന്‍ പറഞ്ഞതെന്നും നവാബ് മാലിക് പറഞ്ഞു. 


മാത്രമല്ല സംസ്ഥാന ആഭ്യന്തരമന്ത്രിയായ അനിൽ ദേശ്മുഖും ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും നവാബ് മാലിക്ക് പറഞ്ഞു.  


നേരത്തെ ലോയയുടെ മരണം സ്വാഭാവിക കാരണങ്ങളാല്‍ ആണെന്ന് സുപ്രീം കോടതി വിലയിരുത്തുകയും അദ്ദേഹത്തിന്‍റെ മരണത്തില്‍ എസ്ഐടി അന്വേഷണം ആവശ്യമാണെന്ന്‍ പറഞ്ഞ് നല്‍കിയിരുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. 


ജഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും നീതിയുടെ ഗതിയെ തടസ്സപ്പെടുത്താനുമുള്ള ശ്രമമാണ് ഈ ഹര്‍ജികളെന്ന്‍ സുപ്രീം കോടതി വിലയിരുത്തുകയും ചെയ്തിരുന്നു.