ന്യൂഡൽഹി: സർക്കാർ നടത്തിയ കടുംവെട്ടായിരുന്നു മരംമുറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ (BJP State President) കെ സുരേന്ദ്രൻ. റവന്യൂ വകുപ്പിനെ ഉപയോ​ഗിച്ച് നിരവധി കടുംവെട്ടുകൾ നടന്നിരുന്നു. ഒരുപക്ഷേ സർക്കാർ ഇനി തിരിച്ച് വരാൻ സാധ്യതയില്ലെന്ന് കരുതി പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രകൃ‍തി സമ്പത്ത് കൊള്ളയടിക്കാനുള്ള വ്യാപകമായിട്ടുള്ള നീക്കം അന്ന് നടന്നിരുന്നു. അതാണ്  പമ്പയുമായി ബന്ധപ്പെട്ട മണൽ നീക്കം അന്ന് പുറത്ത് വന്നത്. ഇന്നിപ്പോൾ ഉയർന്ന് വരുന്ന പ്രധാനപ്പെട്ട ചോദ്യം ഇത് റവന്യൂ സെക്രട്ടറി മാത്രം അറിഞ്ഞുള്ള ഒരു തീരുമാനമാണോയെന്നാണെന്നും കെ സുരേന്ദ്രൻ (K Surendran) ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സർക്കാർ ചില അന്വേഷണങ്ങളൊക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരെക്കുറിച്ചാണ് ഈ സർക്കാർ അന്വേഷിക്കാൻ പോകുന്നത്. ഈ സംഭവത്തിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തം എന്താണ് എന്നുള്ള കാര്യം എന്തുകൊണ്ടാണ് അന്വേഷിക്കപ്പെടാതെ പോകുന്നത്. ആരാണ് 64ലെ ഈ നിയമം പരിഷ്കരിക്കാനുള്ള നയപരമായ തീരുമാനം എടുത്തത്. റവന്യൂ സെക്രട്ടറി ജയതിലക് മാത്രമാണോ. നേരത്തെ ശിവശങ്കരന്റെ കാര്യത്തിൽ  പറഞ്ഞതു പോലെ എല്ലാം സർക്കാർ ഉദ്യോ​ഗസ്ഥൻമാർ എടുത്ത തീരുമാനമാണോ. സംരക്ഷിത പട്ടികയിൽപ്പെട്ട ഈ മരങ്ങൾ വെട്ടിമുറിക്കാൻ കർഷകരെ സഹായിക്കാൻ വേണ്ടി 64ലെ നിയമം മാറ്റുന്നുവെന്നാണ് പറഞ്ഞത്. ഇത് രാഷ്ട്രീയ തീരുമാനമാണോ ഇത് ക്യാബിനറ്റിൽ വന്നിട്ടുണ്ടോ. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അത് വ്യക്തമാക്കാത്തത്. എന്താണ് ഈ കാര്യത്തെ സംബന്ധിച്ച് വ്യക്തമായ ഒരു മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പറയാത്തത്. ഇത് ക്യാബിനറ്റിന്റെ പരി​ഗണനയിൽ വന്ന വിഷയമാണോ. ഇത് ക്യാബിനറ്റ് ചർച്ച ചെയ്തിട്ടുണ്ടോ. അല്ലാതെ ഇത് ഒരു ഉദ്യോ​ഗസ്ഥൻ എടുത്ത തീരുമാനമാണോ. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.


ALSO READ: Forest robbery case: മുട്ടിൽ മരംമുറിക്കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്


കർഷകരെ സഹായിക്കാൻ എടുത്ത തീരുമാനം എന്നാണ് പറഞ്ഞത്. കർഷകരെ സഹായിക്കാൻ എടുത്ത തീരുമാനം പിന്നീട് എന്താണ് മൂന്ന് മാസം കഴിഞ്ഞപ്പോൾ വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചത്. മൂന്ന് മാസത്തേക്ക് മാത്രം കർഷകരെ സഹായിക്കണമെന്നുള്ളതായിരുന്നോ തീരുമാനം. കർഷകരെ സഹായിക്കാനുള്ള തീരുമാനമായിരുന്നെങ്കിൽ അതിലെ അഴിമതി ഇല്ലാതാക്കി ആ നിയമം തുടരാമായിരുന്നല്ലോ. സംസ്ഥാന സർക്കാരിന് അഴിമതി ഇല്ലാതാക്കാൻ സാധിക്കില്ലേ. അതിനുള്ള സംവിധാനം ഒന്നും ഇല്ലേ. മരംമുറിക്കേസിലെ പ്രധാന കുറ്റവാളി കഴിഞ്ഞ രണ്ട് ദിവസമായി പറയുന്നു, കാൽക്കോടി രൂപ കൈക്കൂലി കൊടുത്താണ് മരങ്ങൾ കടത്തിയതെന്ന്. ഒരു പച്ചക്കറി വാങ്ങാൻ പോകണമെങ്കിൽ ഈ ലോക്ക്ഡൗൺ (Lockdown) കാലത്ത് സത്യവാങ്മൂലം കാണിക്കണമെന്നിരിക്കേ പെരുമ്പാവൂർ വരെ മരം കടത്തിയിട്ട് ആരും അയാളെ ചോദ്യം ചെയ്തില്ലേ. കാൽക്കോടി രൂപയുടെ കൈക്കൂലി  കൊടുത്തുവെന്നാണ് ഇയാൾ പറയുന്നത്. കൈക്കൂലി കൊടുത്താൽ 48 മണിക്കൂർ കഴിഞ്ഞിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാത്തത് എന്താണെന്ന് സുരേന്ദ്രൻ ചോദിച്ചു.


ഇത് സർക്കാർ അറിഞ്ഞുകൊണ്ടുള്ള കടുംവെട്ടാണ്. ഇത് ​ഗവൺമെന്റിന്റെ നയപരമായ തീരുമാനമാണ്. ഇത് രാഷ്ട്രീയ തീരുമാനമാണ്. ഇത് ഉദ്യോ​ഗസ്ഥരുടെ മാത്രം തലയിൽ കെട്ടിവച്ച് രക്ഷപ്പെടാം എന്ന് മുഖ്യമന്ത്രി വിചാരിക്കരുത്. മുഖ്യമന്ത്രി അറി‍ഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നത്. ക്യാബിനറ്റിന്റെ അം​ഗീകാരം ഉണ്ടായിരുന്നോ. ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥൻ മാത്രം എടുത്ത തീരുമാനം ആണോ. എന്നാൽ എന്തുകൊണ്ടാണ് ആ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്ത് അന്വേഷിക്കാത്തത്. സർക്കാർ ആരെയാണ് ഭയപ്പെടുന്നത്. സത്യസന്ധരായ ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി. സത്യസന്ധമായ നിലപാട് എടുത്ത ഉദ്യോ​ഗസ്ഥർക്ക് ഭീഷണിയുണ്ടായി. ഈ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ വരെ ഉണ്ടായി എന്നാണ് തെളിഞ്ഞിരിക്കുന്നത്. ആരുടെ ഇടപടെലാണ് ഉണ്ടായിരിക്കുന്നതെന്ന് വെളിച്ചത്ത് കൊണ്ടുവരണമെന്ന് സുരേന്ദ്രൻ പറഞ്ഞു.


ALSO READ: Forest robbery case: തൃശൂർ അകമലയിൽ തേക്ക് മരങ്ങൾ മുറിച്ചതിൽ തെളിവ് നശിപ്പിക്കാൻ നീക്കം; തേക്ക് കുറ്റികൾക്ക് തീയിട്ടു, അന്വേഷണം ആരംഭിച്ച് വനംവകുപ്പ്


അന്വേഷണം അട്ടിമറിക്കാൻ തെളിവുകൾ ആരാണ് നശിപ്പിക്കുന്നത്. തെളിവ് നശിപ്പിക്കാൻ തേക്ക് കുറ്റികൾ തീവച്ചെന്ന് ഇന്ന് റിപ്പോർട്ടുകൾ വന്നു. സമ​ഗ്രമായ അന്വേഷണം വേണം. ഒരു ഐപിഎസ് ഉദ്യോ​ഗസ്ഥനെ മാത്രം വച്ച് ഈ കേസ് അന്വേഷിച്ചാൽ സർക്കാരിന്റെ താൽപര്യം മാത്രമാണ് സംരക്ഷിക്കപ്പെടുക. വീരപ്പൻമാരുടെ ഭരണമാണ് ഇവിടെ നടക്കുന്നത്. കർണാടകയിലെ വീരപ്പൻ പാവമായിരുന്നു. കർണാടകയിലെ വീരപ്പന്റെ പത്തിരട്ടി വീരപ്പൻമാരാണ് കേരളം ഭരിക്കുന്നത്. പഴയ വനംമന്ത്രിയോ മന്ത്രിയുടെ പാർട്ടിയോ ഒരക്ഷരം മിണ്ടുന്നില്ല. കാനം രാജേന്ദ്രന്റെ മൗനം എന്താണ് തെളിയിക്കുന്നത്. പരിസ്ഥിതിവാദിയായ ബിനോയ് വിശ്വം എന്താണ് മിണ്ടാത്തത്. തങ്ങളുടെ കൈയിലുണ്ടായിരുന്ന പ്രധാനപ്പെട്ട വകുപ്പായ വനംവകുപ്പ് ഒരു ചർച്ചപോലും കൂടാതെ സിപിഐ എൻസിപിക്ക് വിട്ട് നൽകിയത് എന്തിനാണ്. എല്ലാം പ്രതീക്ഷിച്ചിരുന്നു എന്നുള്ളതാണ് വ്യക്തമാകുന്നത്. കാനം രാജേന്ദ്രൻ പൊതു സമൂഹത്തിന് മുന്നിൽ വന്ന് സത്യാവസ്ഥ വെളിപ്പെടുത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.