Kanhaiya Kumar and Jignesh Mevani | കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് ? പ്രഖ്യാപനം 28നെന്ന് സൂചന
രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ജെഎന്‍യു (JNU) മുന്‍ യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ (Congress) ചേരുമെന്നാണ് സൂചന.
ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം ഈ മാസം 28ന് ഉണ്ടായേക്കും. രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് സിപിഐ ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു.
ALSO READ: Kanhaiya Kumar കോണ്‍ഗ്രസിലേക്കെന്ന് സൂചന, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇക്കാര്യത്തിൽ സമാന പ്രതികരണമാണ് നടത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പാട്ടേല്‍ കനയ്യകുമാറുമായും ജിഗ്നേഷ് മേവാനിയുമായും അനുനയ ചര്‍ച്ചകള്‍ നടത്തുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായ് ലോക്‌സഭാ സീറ്റില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായി കനയ്യകുമാര്‍ മത്സരിച്ചിരുന്നു. എന്നാൽ, കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനെതിരെ കനയ്യകുമാർ പരാജയപ്പെട്ടു.
കനയ്യ കുമാറിനെ കോൺഗ്രസിൽ എത്തിക്കാൻ സാധിച്ചാൽ യുവാക്കളെ കൂടുതലായി പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് കണക്കുകൂട്ടലിലാണ് കോൺഗ്രസ്. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ആര്‍ജെഡിയുടെ നിലപാടും നിര്‍ണായകമാകും. ബിഹാറിൽ കോൺഗ്രസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും, സഖ്യകക്ഷികളായ ആർജെഡിയും സിപിഐ(എംഎൽ)മായി താരതമ്യം ചെയ്യുമ്പോൾ കോണ്‍ഗ്രസിന്‍റെ പ്രകടനം മോശമായിരുന്നു.
ALSO READ: മുൻ കേന്ദ്രമന്ത്രി Babul Supriyo ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു
കോൺഗ്രസിന് മത്സരിച്ച 70 സീറ്റുകളിൽ 19 സീറ്റുകൾ മാത്രമാണ് നേടാനായത്. ആർജെഡി മത്സരിച്ച 144 സീറ്റുകളിൽ പകുതിയിലേറെയും വിജയിച്ചപ്പോൾ സിപിഐ (എംഎൽ) മത്സരിച്ച 19 സീറ്റുകളിൽ 12 എണ്ണത്തിൽ വിജയിച്ചു. ബിഹാറിലെ സിപിഐ നേതൃത്വവുമായി കനയ്യകുമാർ അകൽച്ചയിലാണ്. ഹൈദരാബാദിൽ ചേർന്ന സിപിഐ ദേശീയ നിർവാഹക സമിതി യോഗത്തിൽ കനയ്യയെ പരസ്യമായി ശാസിച്ചിരുന്നു. സിപിഐ സംസ്ഥാന ഓഫിസ് സെക്രട്ടറി ഇന്ദുഭൂഷണെ കനയ്യയുടെ അനുയായികൾ കയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു പരസ്യ ശാസന. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുമായും കനയ്യ കുമാർ അകൽച്ചയിലാണെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...