ന്യൂഡല്‍ഹി: എ.എ.പി നേതാക്കളുടെ വിദേശയാത്രയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കപില്‍ മിശ്ര അനിശ്ചിതകാല നിരാഹാര സമരത്തിൽ. വിദേശയാത്രകൾ നടത്തുന്നതിന് എ.എ.പിയിലെ മുതിർന്ന നേതാക്കൾക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതുവരെ നിരാഹാരമിരിക്കുമെന്നാണ്  മിശ്രയുടെ പ്രഖ്യാപനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

താന്‍ നിരാഹാരം ആരംഭിക്കുകയാണെന്ന് കാണിച്ച് മിശ്ര മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തുറന്ന കത്തും നല്‍കി. കത്തില്‍​ കഴിഞ്ഞ രണ്ടു വർഷത്തിനിടെ മന്ത്രി സത്യേന്ദ്ര ജെയിൻ, ആശിഷ്​ കേതൻ, സഞ്​ജയ്​ സിങ്​, രാഘവ് ചാധ, ദുർഗേഷ് പഥക്  എന്നിവർ നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങൾ നൽകണമെന്നാണ്  മിശ്ര ആവശ്യപ്പെട്ടിരിക്കുന്നത്.


കഴിഞ്ഞ ദിവസം, കെജ്‌രിവാളിനെതിരെ സി.ബി.ഐയില്‍ ഹാജരായി കപില്‍ മിശ്ര തെളിവ് കൈമാറിയിരുന്നു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് തനിക്കെതിരെ മത്സരിക്കാന്‍ കെജരിവാളിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.


ജലവിഭവവകുപ്പു മന്ത്രിയായിരുന്ന കപിൽ മിശ്രയെ, വകുപ്പു കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെ, മന്ത്രി സത്യേന്ദ്ര ജയിനിൽനിന്ന് കെജ്‍രിവാൾ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന്​ ആരോപിച്ച്​  മിശ്ര രംഗത്തെത്തിയത്​ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.