ബെംഗളൂരു: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന പ്രഖ്യാപനവുമായിട്ടായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. തുടര്‍ന്നിങ്ങോട്ട് ഈ കാമ്പയിന്‍ ബിജെപി തുടര്‍ന്ന് പോരുകയും ചെയ്തു. എന്നാല്‍, കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നതോടെ 'ബിജെപി മുക്ത ദക്ഷിണേന്ത്യ' എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ നിര്‍ണായക സംസ്ഥാനമായിരുന്നു കര്‍ണാടകം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപി നേരിട്ടത് കനത്ത പരാജയവും.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ തലത്തില്‍ തന്നെ ബിജെപി രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് കര്‍ണാടകത്തിലെ പരാജയം എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ബിജെപി വീണുപോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആയിരുന്നു കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. ഇവരുടെ തന്ത്രങ്ങള്‍ ഇത്തവണ പരാജയപ്പെട്ടു എന്നാണ് വിലയിരുത്തപ്പെടുന്നത്.


Read Also: സമസ്ത മേഖലകളിലും കോണ്‍ഗ്രസിന്റെ അശ്വമേധം... നിലയില്ലാക്കയത്തില്‍ ബിജെപി; കര്‍ണാടകത്തില്‍ സംഭവിച്ചത് ഇങ്ങനെ


ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനം ആയിരുന്നു കര്‍ണാടകം. എന്നാലിപ്പോള്‍ അവിടേയും അധികാരം നഷ്ടമായി. കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ഇപ്പോള്‍ ബിജെപി ഇതര പാര്‍ട്ടികളാണ് ഭരണത്തിലുള്ളത്. തെക്കേ ഇന്ത്യയില്‍ സാന്നിധ്യമില്ലാതിരിക്കുക എന്നത് ബിജെപിയുടെ 2024 തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്ന കാര്യമാണ്.


കേരളത്തില്‍ ബിജെപിയ്ക്ക് ഒരു എംഎല്‍എ പോലും ഇല്ല എന്ന പ്രത്യേകതയും ഉണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു സീറ്റ് നേടിയിരുന്നെങ്കിലും 2021 ല്‍ എത്തിയപ്പോള്‍ അത് നഷ്ടമായിരുന്നു. തമിഴ്‌നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എഡിഎംകെയ്‌ക്കൊപ്പം മത്സരിച്ചപ്പോള്‍ ആകെ കിട്ടിയത് 4 സീറ്റുകളാണ്. ആന്ധ്രയില്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. 2018 ല്‍ തെലങ്കാന തിരഞ്ഞെടുപ്പിലും ബിജെപിയുടേത് ദയനീയ പ്രകടനം ആയിരുന്നു. 118 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ ആയത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തെ ഒഴിവാക്കിയാല്‍ ബിജെപിയ്ക്ക് ആകെയുള്ള നിയമസഭാ സീറ്റുകളുടെ എണ്ണം അഞ്ച് ആണെന്ന് പറയാം. 


Read Also: വിദ്വേഷത്തിന്റെ കടപൂട്ടിച്ച് കർണാടകയിൽ സ്നേഹക്കമ്പോളം തുറന്നു; നന്ദി പറഞ്ഞ് രാഹുൽ ​ഗാന്ധി


എന്നാല്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നിന്ന് 4 സീറ്റുകള്‍ സ്വന്തമാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. ആ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ നിന്ന് മാത്രം ബിജെപിയ്ക്ക് ലഭിച്ചത് 25 ലോക്‌സഭ സീറ്റുകളായിരുന്നു എന്നും ഓര്‍ക്കണം. അന്ന് തമിഴ്‌നാട്ടില്‍ അഞ്ചിടത്തായിരുന്നു ബിജെപി മത്സരിച്ചത്. ഈ അഞ്ച് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താനായി എന്നതും കുറച്ച് കാണാന്‍ ആവില്ല.


ദേശീയ രാഷ്ട്രീയത്തില്‍ ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്ന അപ്രമാദിത്തം ഇപ്പോള്‍ ബിജെപിയ്ക്കില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയുടെ മാപ്പില്‍ വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങള്‍ ഒഴികെ, ബാക്കിയെല്ലാം കാവി നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.