ബംഗളൂരു: നാലാമതും മുഖ്യമന്ത്രിയാവാനൊരുങ്ങി ബി. എസ് യെദ്ദ്യൂരപ്പ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് വൈകുന്നേരം 6 മണിക്ക് വിധാന്‍ സൗധയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കും.


രാവിലെ 10 മണിക്കാണ് ബി. എസ്. യെദ്ദ്യൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ചത്. കുമാരസ്വാമി സര്‍ക്കാര്‍ രാജി വച്ചതിന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ലിംഗായത്ത് സമുദായത്തില്‍നിന്നുള്ള ബി. എസ് യെദ്ദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നത്. 


ഇന്ന്, ബംഗളൂരുവില്‍ ബിജെപി എംഎല്‍എമാരുടെ യോഗം നടക്കും. ഇതുവരെ ലഭിക്കുന്ന സൂചന അനുസരിച്ച് മുഖ്യമന്ത്രി ബി. എസ് യെദ്ദ്യൂരപ്പ മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കൂ. മന്ത്രിസഭ വിപുലീകരണം പിന്നീടാണ് നടക്കുക എന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 


2018 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ‍105 സീറ്റാണ് ബിജെപി നേടിയത്. തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍ക്കാര്‍ വെറും 6 ദിവസമാണ് അധികാരത്തിലിരുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ അദ്ദേഹം രാജി വയ്ക്കുകയായിരുന്നു.   


എന്നാല്‍, ഇത്തവണയും അധികാരം നിലനിര്‍ത്തുക എളുപ്പമാവില്ല യെദ്ദ്യൂരപ്പയ്ക്ക്. കാരണം, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തവര്‍ എത്രകാലം ഒപ്പമുണ്ടാകും എന്ന് പറയാന്‍ പറ്റില്ല. കൂടാതെ, ഒപ്പമുള്ളവരേയും വന്നുചേര്‍ന്നവരേയും അധികാരം നല്‍കി തൃപ്തിപ്പെടുത്തുകയും വേണം. നിലവിലെ സാഹചര്യത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ യെദ്യൂരപ്പയ്ക്ക് ആകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്ന വിലയിരുത്തല്‍.