Karnataka CM News: ന്യൂഡൽഹി: രാത്രി ഏറെ വൈകിയും നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടക പ്രതിസന്ധിക്ക് പരിഹാരമായി. സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രിയാകും. ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയും. സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കുമെന്നാണ് വിവരം. ഇന്നു വൈകിട്ട് ഏഴ് മണിക്ക് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം. എല്ലാ എം.എൽ.എമാരോടും യോ​ഗത്തിനെത്താൻ ഡി.കെ ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും മറികടന്ന് കർണാടക മുഖ്യമന്ത്രി പദം സംബന്ധിച്ച് ഒരു തീരുമാനത്തിലെത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം.


ഇന്നലെ ഉച്ചയോടെ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തിരഞ്ഞെടുത്തു എന്ന വാർത്ത പുറത്തു വന്നെങ്കിലും കര്‍ണ്ണാടകയുടെ ചുമതലയുള്ള നേതാവ് രണ്‍ ദീപ് സിംഗ് സുര്‍ജേവാല മാധ്യമങ്ങൾക്ക് മുൻപിലെത്തി ഇത് നിഷേധിക്കുകയായിരുന്നു. ഇന്ന്, വ്യാഴാഴ്ച ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞ‌ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോകുകയായിരുന്നു. ശിവകുമാറിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മുഖ്യമന്ത്രി പദവി സംബന്ധിച്ച് തീരുമാനമായില്ലെന്ന് സുര്‍ജേ വാല പറഞ്ഞത്. ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഡി.കെയുടെ ആവശ്യം. 


Also Read: Karnataka CM Update: പുതിയ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കത്തിനിടെ സിദ്ധരാമയ്യയ്ക്കെതിരെ കടുത്ത ആരോപണവുമായി BJP നേതാവ്


 


സോണിയ ​ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇന്നലെ ചർച്ചകൾ നടന്നത്. ഈ ചർച്ചകൾക്കൊടുവിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നു എന്ന സൂചന സിദ്ധ ക്യാമ്പിൽ ലഭിച്ചതോടെ പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ തുടങ്ങിയിരുന്നു. പ്രഖ്യാപനം വരും മുൻപ് തന്നെ സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനങ്ങളിലേക്കും കടന്നിരുന്നു. ഈ സമയം ശിവകുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന കടുത്ത നിലപാട് ശിവകുമാർ ആവര്‍ത്തിച്ചു. ടേം വ്യവസ്ഥയാണെങ്കിൽ അത് പരസ്യമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദളിത്- ലിംഗായത്ത്- മുസ്ലീം സമവാക്യത്തില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള നീക്കം തടഞ്ഞ് ഒരു ഉപമുഖ്യമന്ത്രി മതിയെന്ന നിലപാടും ഡി.കെ കടുപ്പിച്ചു. 


ഈ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ശിവകുമാർ സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങളാണ് കേൾക്കുന്നത്. പിന്നാലെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ കണ്ട് ശിവകുമാർ കടുത്ത പ്രതിഷേധമറിയിച്ചു. തന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ എങ്ങനെ സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു ശിവകുമാറിന്റെ ചോദ്യം. പ്രകോപിതനായ ശിവകുമാറിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് രണ്‍ദീപ് സിംഗ് സുര്‍ജേവാല ഒരു തീരുമാനവുമായില്ലെന്ന് വിശദീകരിച്ചു. ഖര്‍ഗെയുമായി നടന്ന രണ്ട് മണിക്കൂര്‍ ചര്‍ച്ചയിലും സമവായമായില്ല. പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് പുറത്തിറങ്ങിയ ശിവകുമാര്‍ വ്യക്തമാക്കി. ഡി കെ അനുകൂലികള്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചു.


അതേസമയം കഴിഞ്ഞ ദിവസം സിദ്ധരാമയ്യയ്‌ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചുകൊണ്ട് ബിജെപി നേതാവ് ഡോ. കെ. സുധാകര്‍ രംഗത്തെത്തിയിരുന്നു. 2019ൽ സിദ്ധരാമയ്യയാണ് കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ചത് എന്നാണ് സുധാകരന്‍റെ ആരോപണം. 2018ലെ ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാരിന്‍റെ കാലത്ത് എംഎൽഎമാർ തങ്ങളുടെ പ്രശ്‌നങ്ങളുമായി ഏകോപന സമിതി അദ്ധ്യക്ഷന്‍ സിദ്ധരാമയ്യയുടെ അടുത്ത് ചെല്ലുമ്പോഴെല്ലാം അദ്ദേഹം നിസ്സഹായത പ്രകടിപ്പിക്കുകയും ഈ സർക്കാരിലും തന്‍റെ മണ്ഡലത്തിലെ പ്രവർത്തനത്തിലും തനിക്ക് യാതൊരു പങ്കുമില്ലെന്നും പറയാറുണ്ടായിരുന്നുവെന്നും ഡോ. കെ. സുധാകര്‍  പറഞ്ഞു. 


കൂടാതെ,  2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാൻ എംഎൽഎമാർക്ക് ഉറപ്പുനൽകുകയും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പോലും എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി. 


ചില MLA മാര്‍ക്ക് കോണ്‍ഗ്രസ്‌ വിട്ട് വീണ്ടും ഉപ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതായി വന്നിരുന്നു.  കോൺഗ്രസ് എംഎൽഎമാരുടെ ഈ നീക്കത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ തനിക്ക് പങ്കില്ലെന്ന സത്യം സിദ്ധരാമയ്യക്ക് നിഷേധിക്കാനാകുമോ? അദ്ദേഹം ചോദിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.