EXIT POLL: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത
റിപബ്‌ളിക് ടിവി, ന്യൂസ് എക്‌സ് എന്നിവര്‍ നടത്തിയ എക്സിറ്റ് പോള്‍ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്
ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ ഒരു പാര്‍ട്ടിയും ഭൂരിപക്ഷം നേടില്ലെന്നാണ് സൂചന. ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നും എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു.
ആക്‌സിസ്-മൈ ഇന്ത്യ, ടൈംസ് നൗ-വി.എംആര്‍, സിഎന്‍എന്‍ന്യൂസ് 18 എന്നിവര്‍ നടത്തിയ എക്സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസ് ആയിരിക്കും വലിയ ഒറ്റകക്ഷിയാകുക. 118 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപി നൂറ് സീറ്റ് കടക്കില്ലെന്നും ഈ ഫലങ്ങള്‍ പറയുന്നു.
അതേസമയം, റിപബ്‌ളിക് ടിവി, ന്യൂസ് എക്‌സ് എന്നിവര്‍ നടത്തിയ എക്സിറ്റ് പോള്‍ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. ബിജെപി ഭൂരിപക്ഷം നേടുമെന്ന് ഇവര്‍ പറയുന്നു. റിപ്പബ്ലിക് ടിവി ബിജെപിക്ക് 95-114 സീറ്റ് വരെ പ്രവചിക്കുന്നു. അതേസമയം ന്യൂസ് എക്സ് ബിജെപിക്ക് 102-110 സീറ്റുകളാണ് പ്രവചിക്കുന്നത്.
മുപ്പതോളം സീറ്റുകളാണ് ജെഡിഎസ് നേടുകയെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. കര്‍ണാടക നിയമസഭയില്‍ 224 സീറ്റുകളാണുള്ളത്. ഭരണം ഉറപ്പിക്കാന്‍ 113 സീറ്റുകള്‍ വേണം. 122 സീറ്റുകള്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയിരുന്നു. ഈ വിജയം ആവര്‍ത്തിക്കുമെന്നാണ് സിദ്ധരാമയ്യയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിന്‍റെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനുള്ള പദ്ധതികളുമായാണ് ബിജെപി അങ്കത്തിന് ഇറങ്ങിയത്. മെയ് 15നാണ് വോട്ടെണ്ണല്‍.