കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: സിദ്ധരാമയ്യ ബദാമിയിലും മത്സരിക്കും; പത്രിക സമര്‍പ്പണം നാളെ
അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിലും മത്സരിക്കും. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമുണ്ടായത്.
ബംഗളൂരു: അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിലും മത്സരിക്കും. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമുണ്ടായത്.
ബദാമിയില്‍ മത്സരിക്കാനുള്ള ആലോചനയുടെ പിന്നില്‍ ബഗാൽക്കോട്ടെ, ബീജാപ്പൂർ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ 20ന് അദ്ദേഹം ചാമുണ്ടേശ്വരി മണ്ഡലത്തില്‍നിന്നും മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് അദ്ദേഹം ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയിരുന്നു.
മുന്‍പ് അന്തര്‍ദേശീയ ചാനലായ 'വിയോണ്‍'ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവേ ഗുജറാത്തില്‍ കാണുന്നതുപോലെ കര്‍ണാടകയില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി കളിയ്ക്കാന്‍ ബിജെപിയ്ക്ക് കഴിയില്ല എന്നും കര്‍ണാടകയിലെ ജനങ്ങള്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടിരുന്നു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ കാലാവധി മെയ് 28ന് അവസാനിക്കും. മെയ് 12 നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 15ന് നടക്കും.